Thursday, September 18News That Matters

KSRTCയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍.

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കുമെന്നും ജീവനക്കാര്‍ക്കെതിരെയുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഹൃദയാഘാതവും അര്‍ബുദവുമൊക്കെ വന്നവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലെറിക്കല്‍ ജോലികളില്‍ നിയമിക്കും. 3600 ഓളം ചെറിയ കേസുകളുണ്ട് ജീവനക്കാരുടെ പേരില്‍. 26 മുതല്‍ തുടര്‍ച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാം.’-മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി പല തരത്തിലുളള നടപടികളാണ് ഗതാഗത വകുപ്പ് സ്വീകരിക്കുന്നത്. കെഎസ്ആര്‍ടിസി ചലോ ആപ്പ് ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. രണ്ടാഴ്ച്ചയ്ക്കുളളില്‍ ആപ്പ് വരും. മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ട്. ആറ് ഭാഷയില്‍ ആപ്പ് ഉപയോഗിക്കാം. ആപ്പിന്റെ രൂപകല്‍പ്പന കാഴ്ച്ച പരിമിതിയുളളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുംവിധമാണ്. ചലോ ആപ്പിലൂടെ ബസുകളിലെ സീറ്റ് ലഭ്യത പരിശോധിക്കാനും ട്രാക്ക് ചെയ്യാനും കഴിയും. സ്റ്റുഡന്റ് കണ്‍സഷന്‍ കാര്‍ഡ് സംബന്ധിച്ചും തീരുമാനമായി. പേപ്പര്‍ കാര്‍ഡിനു പകരം പുതിയ കാര്‍ഡ് ഇറക്കാനാണ് തീരുമാനം. കാര്‍ഡിന് സര്‍വീസ് ചാര്‍ജായ 109 രൂപയും നല്‍കേണ്ടതില്ല. ഒരു മാസം 25 ദിവസം യാത്ര ചെയ്യാനാകും. കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡുകള്‍ വന്‍ വിജയമാണെന്നും മന്ത്രി പറഞ്ഞു. ഒരുലക്ഷം കാര്‍ഡുകള്‍ പുറത്തിറക്കിയെന്നും അതില്‍ എണ്‍പതിനായിരം കാര്‍ഡുകള്‍ വിറ്റുപോയെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ബസ് ഷെഡ്യൂള്‍ സോഫ്റ്റ് വെയര്‍ വരുന്നുണ്ടെന്നും ‘ഇ സുതാര്യ സോഫ്റ്റ് വെയര്‍’ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. ബസ് സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനായാണ് പുതിയ സോഫ്റ്റ് വെയര്‍.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version