Thursday, September 18News That Matters

ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്.

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കം ഫോണ്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് പൊലീസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയുമടക്കം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കേസ് ഇനി മേയ് 22ന് പരിഗണിക്കും.

അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കേസടുക്കാവുന്ന ഒന്നും കണ്ടെത്താത്തതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ മാസം 13ന് കേസ് പരിഗണിച്ച ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ഈ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. നിയമവിരുദ്ധമായി താന്‍ ഫോണ്‍ ചോര്‍ത്തിയെന്ന് അന്‍വര്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തില്‍ നിക്ഷ്പക്ഷമായി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്വര്‍ണക്കടത്ത്, കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പുറത്തുകൊണ്ടുവരാനാണ് ഫോണ്‍ ചോര്‍ത്തിയതെന്നായിരുന്നു അന്‍വര്‍ പറഞ്ഞത്. എന്നാല്‍ ഇതു സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നും തന്റെ ഫോണും അന്‍വര്‍ ചോര്‍ത്തിയെന്ന് സംശയമുണ്ടെന്ന് കാട്ടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version