Tuesday, August 25News That Matters

JILLA VARTHAKAL

25-08-2026

മലപ്പുറം ജില്ലാതല ഓണാഘോഷം 26ന് തുടങ്ങും: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2026’ വിപുലമായി പരിപാടികളോടെ നടക്കും. ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 26-ന് വൈകീട്ട് ആറിന് കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് ഓപ്പണ്‍ സ്റ്റേജില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ  എ. പി. അനില്‍കുമാര്‍, കെ. എം. ഷാജി, ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലയിലെ എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. ഓഗസ്റ്റ് 26 മുതല്‍ 30 വരെ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളാണ് കോട്ടക്കുന്നില്‍ അരങ്ങേറുന്നത്. ഉദ്ഘാടന ദിവസമായ  26-ന് രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും നയിക്കുന്ന ‘കണാരന്‍ ഷോ’യും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. 27-ന് വൈകീട്ട് 6.30ന് കലാമണ്ഡലം വിവേക് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്തും 7.30-ന് ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തും സംഘവും നയിക്കുന്ന ലൈവ് മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കും. ആഗസ്റ്റ് 28-ന്  എടരിക്കോട് സംഘത്തിന്റെ ഒപ്പന, കോല്‍ക്കളി,  പാലക്കാട് നിഴല്‍ ഫോക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും തെയ്യം, തിറ, കാളി വേഷങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരാഗത ദൃശ്യവിരുന്നും അരങ്ങേറും. 29-ന് വൈകീട്ട് 6.30-ന് ഷൊര്‍ണൂര്‍ കെ. വിശ്വനാഥ പുലവര്‍ സംഘത്തിന്റെ തോല്‍പാവക്കൂത്തും ഏഴിന്  സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന സൂഫി ഖവ്വാലി നൈറ്റും നടക്കും. സമാപന ദിവസമായ 30-ന് വൈകീട്ട് 6.30-ന് ശിവഗംഗ വളാഞ്ചേരിയുടെ തിരുവാതിരയും ഏഴിന് പ്രശസ്ത പിന്നണി ഗായകന്‍ അഫ്സല്‍ നയിക്കുന്ന ‘സ്മൃതിഗീതം’ മ്യൂസിക് ഷോയും അരങ്ങേറും.

മലപ്പുറം പ്രസ്‌ക്ലബ്ബ് ഓണാഘോഷം

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് ഓണാഘോഷം ഹോട്ടല്‍ വുഡ്‌ബൈന്‍ ഫോളിയേജില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍  ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എ.പി അനില്‍കുമാര്‍, എം എല്‍ എ മാരായ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. വി എസ് ജോയ്, കെ പി നൗഷാദലി , സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍, കെ പി എ മജീദ്, വി എം ഷൗക്കത്ത്, കെ പി അബ്ദുള്‍ മജീദ്,  മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ അഡ്വ. വി റിനിഷ,  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍,  പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റുമാരായ  ഗീതു തമ്പി,വി എം സുബൈര്‍ , സംസ്ഥാന കമ്മറ്റി അംഗം സമീര്‍ കല്ലായി, പ്രവാസി വ്യവസായിയും കര്‍ഷകനുമായ മങ്കരത്തൊടി സഫീറലി, അല്‍ദാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിദ്ദീഖ് തയ്യില്‍,വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബു താഹിര്‍ ,കേരള െ്രെപവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹുസൈന്‍ കോയ തങ്ങള്‍,ജില്ലാ സെക്രട്ടറി പി എം ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി പി നിസാര്‍ സ്വാഗതവും ട്രഷറര്‍ പി എ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു.

സ്റ്റുഡന്റ് കൗൺസിലർ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ജില്ലയിലെ നാല് പ്രീ-മെട്രിക് ബോയ്സ് ഹോസ്റ്റലുകളിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും കരിയർ ഗൈഡൻസും നൽകുന്നതിനായി കരാറടിസ്ഥാനത്തിൽ സ്റ്റുഡന്റ് കൗൺസിലറെ (പുരുഷൻ) നിയമിക്കുന്നു. എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യു ആണ് അടിസ്ഥാന യോഗ്യത (സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം). കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും ഈ രംഗത്ത് മുൻപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. 2026 ജനുവരി ഒന്നിന് 25-നും 45-നും മധ്യേ പ്രായമുള്ളവരായിരിക്കണം. 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെയാണ് കാലാവധി. പ്രതിമാസം 18,000 രൂപ ഹോണറേറിയവും പരമാവധി 2,000 രൂപ യാത്രാപ്പടിയും ലഭിക്കും. നിശ്ചിത യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് വെയിറ്റേജ് മാർക്ക് നൽകും. വാക്ക്-ഇൻ-ഇന്റർവ്യൂ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ നടക്കും. വിവരങ്ങൾക്ക് ഫോൺ: 04931-220315.

ഇംഗ്ലീഷ് അധ്യാപക ഒഴിവ്
മഞ്ചേരി ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലെ കൊണ്ടോട്ടി ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് താത്ക്കാലികമായി അതിഥി അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10.30 ന് ജി.ഐ.എഫ്.ഡി.യില്‍ നടക്കും. ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപക യോഗ്യതയുള്ളവര്‍ക്കും വിരമിച്ച അധ്യാപകര്‍ക്കും അപേക്ഷിക്കാം.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-9539049552, 9747566321.

ഡോക്ടര്‍ നിയമനം
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള ഡോക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ മൂന്നിന് രാവിലെ 10.30-ന് ആശുപത്രി ഓഫീസില്‍ നടക്കും.  എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം നിര്‍ദ്ദിഷ്ട സമയത്ത് ആശുപത്രി ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0494 2666439.

ലേലം
ഊര്‍ങ്ങാട്ടിരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ സെപ്റ്റംബര്‍ 17 ന് ആശുപത്രി പരിസരത്ത് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ലേലദിവസം രാവിലെ 11നകം പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 0483-2759888.

കോര്‍പറേഷന്‍ കുടിശ്ശിക തുകയായ 122159 രൂപ ഈടാക്കുന്നതിനായി നന്നംമുക്ക് വില്ലേജിലെ സര്‍വേ നമ്പര്‍ 230/1 ല്‍ ഉള്‍പെട്ട 1.22 ആര്‍ സ്ഥലവും നിര്‍മാണത്തിലിരിക്കുന്ന വീടും സെപ്റ്റംബര്‍ മൂന്നിന് രാവിലെ 11 ന് നന്നംമുക്ക് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

കുടിശ്ശിക തുകയായ 51,055 രൂപ ഈടാക്കുന്നതിനായി പരപ്പനങ്ങാടി വില്ലേജിലെ റീസര്‍വേ നമ്പര്‍ 570/66 ല്‍ പെട്ട 0.0040 ഹെക്ടര്‍ പുരയിടവും വസ്തുവകകളും സെപ്റ്റംബര്‍ 17 ന് രാവിലെ 11 ന് പരപ്പനങ്ങാടി വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

വിദ്യാഭ്യാസ ധനസഹായം: അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ  എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.ഇ., പ്ലസ്ടു എന്നിവയിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തായതി സെപ്റ്റംബര്‍ ഏഴു വരെ ദീര്‍ഘിപ്പിച്ചു. മാതൃക www.agriworkersfund.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0483-2732001.

ദേശീയ നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നടത്തി

ദേശീയ അന്ധതാ കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 41-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ കൊണ്ടോട്ടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ യു. കെ മമ്മദിശ  നിര്‍വഹിച്ചു. ‘നേത്രദാനം മഹാദാനം കണ്ണുകള്‍ ദാനം ചെയ്യാം കാഴ്ചയുടെ വെളിച്ചം പകരാം ജീവിതങ്ങള്‍ക്ക് പ്രകാശമാകാം’ എന്നതായിരുന്നു ഈ വര്‍ഷത്തെ സന്ദേശം. കൊണ്ടോട്ടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി. ആയിഷ ബിന്ദു അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി താലൂക്ക് ആസ്ഥാന സര്‍ക്കാര്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.യു. ബാബു. നേത്രദാന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മഞ്ചേരി ജില്ലാ മൊബൈല്‍ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. സി.കെ. സ്മിത വിഷയാവതരണം നടത്തി. നേത്രദാന ക്വിസ് പ്രോഗ്രാമില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും നടന്നു. കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി സ്ഥിരം സമിതി അധ്യക്ഷരായ പി.പി.റഷീദ് അലി, ഇ.എം അബ്ദുല്‍ റഷീദ്, കെ. സഫറുദ്ദീന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി. റജീന, പള്ളിക്കല്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. സന്തോഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ് പി. റഊഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ.അബ്ദുല്ലത്തീഫ്, പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് സിന്ധു, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പാര്‍വതി എന്നിവര്‍ സംസാരിച്ചു. ഒപ്‌ടോമെട്രിസ്റ്റ് എസ്. ശ്രീഷ്മ ബോധവത്കരണ ക്ലാസ് നടത്തി.  പക്ഷാചരണത്തിന്റെ ഭാഗമായി  കൊണ്ടോട്ടി എന്‍.എസ്.എസ്.യൂണിറ്റ് ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ മൈം ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. നെടിയിരുപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശ പ്രവര്‍ത്തക പി. ഇന്ദിര, ഒ. രജനി എന്നിവര്‍ ചടങ്ങില്‍ നേത്രദാനത്തിനുള്ള സമ്മതപത്രം നല്‍കി. ഡെപ്യൂട്ടി  ഡി.എം.ഒ ഡോ.ഫിറോസ് ഖാന്‍ സ്വാഗതവും ജില്ലാ ഒഫ്താല്‍മിക് കോഡിനേറ്റര്‍ കെ.എസ്. സുനിത നന്ദിയും പറഞ്ഞു.

സുരേഷ് ഇരിങ്ങല്ലൂര്‍ അനുശോചന യോഗം തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക്

കൊണ്ടോട്ടി: ഭിന്നശേഷി വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും അവരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനുമായി കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളും അമൽ ഇൻസ്പെയേഴ്സും സംയുക്തമായി നടപ്പിലാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ ഭാഗമായുള്ള ഉൽപ്പന്നങ്ങൾ വിപണിയിലെത്തി. മലപ്പുറം ആസൂത്രണ സെക്രട്ടേറിയറ്റിൽ വെച്ച് ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര ഐ.എ.എസ് ഉൽപ്പന്നങ്ങളുടെ പ്രകാശനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക രോഹിണി കെ.എസ് ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികൾ തന്നെ രൂപകൽപ്പന ചെയ്ത് നിർമിച്ച അലങ്കാര വസ്തുക്കൾ, പേന, ചവിട്ടി, മുടിയലങ്കാര വസ്തുക്കൾ, താക്കോൽക്കൂട്ടി എന്നീ അഞ്ച് ഉൽപ്പന്നങ്ങളാണ് നിലവിൽ ‘ചിറക്’ എന്ന പേരിൽ പുറത്തിറക്കിയിട്ടുള്ളത്. ഈ ഉൽപ്പന്നങ്ങൾ പ്രധാന കടകളിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം വിദ്യാർത്ഥികളുടെ ക്ഷേമത്തിനും പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുമെന്ന് കോർഡിനേറ്റർ കെ.എം. ഇസ്മായിൽ പറഞ്ഞു. സ്കൂളിലെ വിവിധ ക്ലബ്ബുകൾ, ഡിവിഷൻ കൗൺസിലർ, കുടുംബശ്രീ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ഈ മാതൃകാ പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ, വി.കെ ഖാലിദ്, ചിറക് ബ്രാൻഡ് അംബാസഡർ അമൽ ഇഖ്ബാൽ, ഗ്രാമതല പദ്ധതി ഏകോപക സാബിറ സി.പി, ജില്ലാ സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ തുടങ്ങി വിവിധ അധ്യാപക-വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്തു.

എ കെ ബി ആര്‍ എഫ് ഓണാഘോഷം

മലപ്പുറം : ആള്‍ കേരള ബാങ്ക് റിട്ടയറീസ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മലപ്പുറത്ത് മുഖര്‍ജി ഭവനില്‍ നടത്തിയ സംഗമത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ബാലസാഹിത്യകാരിയും അദ്ധ്യാപികയുമായ ഇ എന്‍ ഷീജ ഓണഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു . പ്രോഗ്രാം കണ്‍വീനര്‍ വി പി ഉണ്ണികൃഷ്ണന്‍ ആമുഖ ഭാഷണം നടത്തി. ചെസ്, കാരംസ് മത്സരങ്ങളിലെ വിജയികള്‍ക്കും, പങ്കെടുത്ത കുട്ടികള്‍ക്കുമുള്ള സമ്മാനദാനം വിശിഷ്ടാതിഥി നിര്‍വ്വഹിച്ചു. കരോക്കെ ഗാനമേള, കവിതാലാപനം, മാജിക് ഷോ എന്നീ കലാപരിപാടികളും ഓണസദ്യയും ആഘോഷ പരിപാടിക്ക് മാറ്റ് കൂട്ടി. എ കെ ബി ആര്‍ എഫ് ജില്ലാ പ്രസിഡന്റ് എ കെ വേലായുധന്‍, ജില്ലാ സെക്രട്ടറി എം വി ഗുപ്തന്‍, ട്രഷറര്‍ കെ ജയകുമാര്‍, പി കെ ശങ്കരനാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കെ.എസ്.എസ് പി .യു . മലപ്പുറം ടൗണ്‍ കമ്മറ്റി ഓണാഘോഷം

മലപ്പുറം : കെ.എസ്. എസ്.പി.യു മലപ്പുറം ടൗണ്‍ കമ്മറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ബാലസാഹിത്യകാരി  ഇ.എന്‍. ഷീജ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സ്‌ക്കറിയ മാസ്റ്റര്‍. ജില്ലാ കമ്മറ്റി അംഗം  ശാന്തകുമാരി ടീച്ചര്‍ . കലാവേദി കണ്‍വീനര്‍ എം രജനി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് പി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ വേലായുധന്‍ സ്വാഗതവും ജോയന്റ് സെക്രട്ടറി പി.വി. ബലദേവന്‍ നന്ദിയും പറഞ്ഞു . പൂക്കള നിര്‍മ്മാണം. കലാ പരിപാടികള്‍. കായിക മത്സരങ്ങള്‍ . ഓണസദ്യ എന്നിവ ഉണ്ടായിരുന്നു.

സബ്ബ് റജിസ്ത്രാ റാഫീസിന്റെ നേതൃത്വത്തിൽ ഒന്നിച്ചോണം നടത്തി

മഞ്ചേരി: മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മഞ്ചേരി സബ്ബ് റജിസ്ത്രാ റാഫീസിന്റെ നേതൃത്വത്തിൽ ജീവനക്കാരുടെയും , ആധാരമെഴുത്തുകാരുടെയും ഓണാഘോഷം സംഘടിപ്പിച്ചു. സബ് റജിസ്ത്രാർ ജി ജി കെ എ , ഹെഡ് ക്ലാർക്ക്  നൗഷാദ് മാമ്പ്ര  ആധാരമെഴുത്തുകാരായ  സിക്കന്തർ ഹയാത്ത്, ബിന്ദു, മധു , ഓഫീസ് ജീവനക്കാരായ  അബ്ദു കാവനൂർ , പ്രശാന്ത് പി എന്നിവർ നേതൃത്വം നൽകി. വിവിധ ഓണക്കളികളും കവിതാ ആലാപനവും നടത്തി

MTN NEWS CHANNEL

Exit mobile version