പൊന്നാനി ബിയ്യത്ത് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 550 പവൻ സ്വർണം കവർന്ന കേസില്‍ 438 പവൻ സ്വർണം കണ്ടെടുത്തു.മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയതുള്‍പ്പെടെയുള്ള 29 ലക്ഷം രൂപയും പ്രതികളില്‍ നിന്ന് പിടികൂടി. കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്നാണ് സ്വർണവും പണവും കണ്ടെടുത്തത്. തൃശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്ബനയില്‍ താമസക്കാരനുമായ രായർമരക്കാർ വീട്ടില്‍ സുഹൈല്‍ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പം വീട്ടില്‍ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സുഹൈലിന്റെ ഭാര്യവീടിന്റെ തൊടിയില്‍ ഒന്നര അടി താഴ്ച്ചയില്‍ കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയിലാണ് സ്വർണവും പണവും കണ്ടെത്തിയത്. മോഷണം നടന്ന വീടിന്റെ അടുത്താണ് സുഹൈലിന്റെ ഭാര്യ വീട്. കുഴിച്ചിട്ട സ്വർണാഭരണങ്ങള്‍ക്ക് പുറമെ ഉരുക്കി കട്ടിയാക്കി വില്‍പ്പനയ്ക്ക് നല്‍കിയ സ്വർണവും പൊലീസ് പിടിച്ചെടുത്തു. സ്വർണം ഒളിപ്പിച്ചത് സംബന്ധിച്ച് പ്രതികള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ഏപ്രില്‍ 13നാണ് പ്രവാസിയുടെ അടച്ചിട്ട വീട്ടില്‍ മോഷണം നടന്നത്. മുഖ്യപ്രതി സുഹൈലിനെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എട്ടുമാസത്തിന് ശേഷം പ്രതികളെ പിടികൂടിയത്. പ്രതികള്‍ മോഷണമുതലിന്റെ ഒരു ഭാഗം വിറ്റുകിട്ടിയ പണം ചെലവഴിക്കാൻ തുടങ്ങിയപ്പോഴാണ് പിടിവീണത്.