Thursday, September 18News That Matters

പള്ളിയില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

ജനല്‍ പൊളിച്ച്‌ പള്ളിയില്‍ മോഷണം നടത്തിയ പ്രതി മണിക്കൂറിനുള്ളില്‍ പിടിയില്‍. കാളികാവ് വെന്തോടൻപടി മസ്ജിദില്‍ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വിവരം അറിഞ്ഞെത്തിയ കാളികാവ് പൊലീസാണ് മോഷ്ടാവിനെ പിടികൂടിയത്. അസം സ്വദേശി നഗാവു ജില്ലക്കാരൻ മൻജില്‍ ഇസ്ലാം (27) ആണ് പിടിയിലായത്. പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്നാണ് മോഷണം. രണ്ടായിരത്തോളം രൂപയാണ് മോഷണം പോയത്. നഷ്ടപ്പെട്ട തുക പ്രതിയില്‍നിന്ന് കണ്ടെടുത്തു. പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് ഗ്ലാസിട്ട ചെറിയ ജനല്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.

രാത്രി ഒമ്ബതിന് പള്ളി പൂട്ടിപ്പോയ ശേഷമായിരുന്നു മോഷണം. പ്രഭാത നമസ്കാരത്തിനെത്തിയ ഇമാമാണ് മോഷണം നടന്നതായി കണ്ടത്. ഉടനെ കാളികാവ് പൊലീസിനെ വിവരമറിയിച്ചു. എസ്.ഐ വി. ശശിധരന്‍റെ നേതൃത്വത്തില്‍ ഉടൻ പൊലീസ് പള്ളിയിലെത്തി. ഒരു മണിക്കൂറിനുള്ളിലാണ് മോഷ്ടാവിനെ വലയിലാക്കിയത്. രാത്രി പരിശോധനയാണ് മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് സഹായകമായത്. ബുധനാഴ്ച രാത്രി ഇതേ പൊലീസ് സംഘം പരിശോധനക്കിടെ സംശയാസ്പദമായി കണ്ട മർജില്‍ ഇസ്‍ലാമിനെ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അസമില്‍നിന്ന് വരുന്നെന്നും ഷൊർണൂരില്‍ ട്രെയിൻ ഇറങ്ങി വരുകയാണെന്നും പൂങ്ങോടുള്ള കോഴിഫാമില്‍ ജോലി ചെയ്യുന്നയാളാണെന്നും പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അയാളെ വിട്ടത്.

മോഷണം നടന്നതറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് രാത്രി വിട്ടയച്ചയാളെ സംശയമുണ്ടായി. തുടർന്ന് പ്രദേശത്തെ പത്തോളം കോഴിഫാമുകളില്‍ പരിശോധന നടത്തി. എവിടെയും ഇങ്ങനെ ഒരാള്‍ എത്തിയിട്ടില്ല. പിന്നീടുള്ള അന്വേഷണം ഇയാളെ തേടിയായി. തുടർന്ന് കാളികാവ് പുറ്റമണ്ണയിലെ കടവരാന്തയില്‍ ആള്‍ക്കൂട്ടത്തില്‍ പ്രതി നില്‍ക്കുന്നതായി പൊലീസിന്‍റെ ശ്രദ്ധയില്‍പെട്ടു. തുടർന്ന് നടന്ന ചോദ്യംചെയ്യലിലാണ് മോഷണം നടത്തിയത് പ്രതി സമ്മതിച്ചത്. പ്രദേശത്തെ ചില പള്ളികളില്‍ നേരത്തേ മോഷണം നടന്നിരുന്നു. ഇതിലൊന്നും ഇയാള്‍ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. കാളികാവ് സി.ഐ വി. അനീഷിന്‍റെ നിർദേശപ്രകാരം എസ്.ഐമാരായ വി. ശശിധരൻ, ഇല്ലിക്കല്‍ അൻവർ സാദത്ത്, എസ്.സി.പി.ഒ ക്ലിൻറ് ജേക്കബ്, സി.പി.ഒമാരായ വി. ബാബു, എം.കെ. മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version