Wednesday, April 29News That Matters

യുവതികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും പണം വാങ്ങി വിൽപന നടത്തുകയും ചെയ്ത യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശിയായ നിതിൻ മോഹൻദാസാണ് പിടിയിലായത്. പ്രതിക്കെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പോലീസ് വൈകുന്നുവെന്ന ആക്ഷേപം ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഉന്നത രാഷ്ട്രീയ സ്വാധീനമാണ് അറസ്റ്റ് വൈകാൻ കാരണമെന്ന് ഇരയായ യുവതി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് നടപടി വേഗത്തിലാക്കിയത്. പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ യൂത്ത് വിങ് പ്രാദേശിക നേതാവായ നിതിനെതിരെ പരപ്പനങ്ങാടി, താനൂർ, മാഹി പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ പരാതികളാണ് നിലവിലുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ കൈക്കലാക്കി അവ അശ്ലീല രൂപത്തിലാക്കി മാറ്റിയ ശേഷം വിവിധ ടെലിഗ്രാം ഗ്രൂപ്പുകൾ വഴി വിൽക്കുകയായിരുന്നു ഇയാളുടെ രീതി. അഞ്ച് വയസ്സുള്ള കുഞ്ഞുങ്ങൾ മുതൽ 40 വയസ്സ് വരെയുള്ള ആയിരത്തോളം പേരുടെ ചിത്രങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടതായാണ് വിവരം. രാമനാട്ടുകര സ്വദേശിനിയായ യുവതിയുടെ പരാതിയോടെയാണ് തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാൾ രഹസ്യമായി ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version