നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി സജി (45) പോലീസിന്റെ പിടിയിലായി. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയത് താനാണെന്ന് സജി പോലീസിനോട് സമ്മതിച്ചു. വീടിന് സമീപത്തെ പറമ്പിലെ വലിയ പാറക്കെട്ടിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ. ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിച്ച് പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് മറുഭാഗത്തുകൂടി പുറത്തെത്തിയ സജിയെ നാട്ടുകാർ കണ്ടത്. “തനിക്ക് തെറ്റുപറ്റിയെന്നും കീഴടങ്ങുമെന്നും” നാട്ടുകാരോട് പറഞ്ഞ സജിയെ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടികൂടുമ്പോൾ രണ്ടുദിവസമായി ഭക്ഷണം കഴിക്കാത്തതിനാൽ അതീവ അവശനായിരുന്നു പ്രതി. സജിയുടെ ശരീരത്തിലുള്ള മുറിവുകളും കൈക്കേറ്റ പൊട്ടലും കൊലപാതകത്തിനിടെയുണ്ടായ മൽപിടുത്തത്തിൽ സംഭവിച്ചതാകാമെന്നാണ് പോലീസ് നിഗമനം. കട്ടപ്പന ഡി.വൈ.എസ്.പി വി.ടി ഷാജന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണവും കൂടുതൽ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ, 2018 മുതൽ കാണാതായ പിതാവ് മാത്യുവിന്റെ തിരോധാനത്തിൽ സജിക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും പോലീസ് വിശദമായ പരിശോധന നടത്തും. സഹോദരി സിനി നൽകിയ പരാതിയാണ് ഈ ക്രൂരമായ കൊലപാതക വിവരം പുറംലോകമറിയാൻ നിർണ്ണായകമായത്.
