Sunday, March 1News That Matters

മങ്കട സദാചാരക്കൊല: അഞ്ച് പ്രതികൾക്കും ജീവപര്യന്തം

മങ്കട കൂട്ടിലിൽ നസീർ ഹുസൈനെ സദാചാര പോലീസ് ചമഞ്ഞ് മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കും മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മങ്കട കൂട്ടിൽ സ്വദേശികളായ നായകത്ത് അബ്ദുൽനാസർ, സഹോദരൻ ഷറഫുദ്ദീൻ, പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ, പട്ടിക്കുത്ത് അബ്ദുൽഗഫൂർ, പട്ടിക്കുത്ത് സക്കീർ ഹുസൈൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ ഷഫീഖ്, മൻസൂർ, അമ്പലപ്പള്ളി അബ്ദുൽനാസർ എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നൽകി കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. കൊലപാതകം, സംഘം ചേർന്ന് കലാപം നടത്തൽ, മാരകായുധങ്ങളുമായി ആക്രമിക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കൂടാതെ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും ശാസ്ത്രീയ പരിശോധനയിലൂടെ അവ വീണ്ടെടുത്തത് പ്രോസിക്യൂഷന് വലിയ കരുത്തായി. മൂന്നും അഞ്ചും പ്രതികൾക്കെതിരെ തെളിവ് നശിപ്പിച്ചതിനും കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകങ്ങൾ സമൂഹത്തിൽ നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് വിധി പ്രസ്താവിക്കവെ കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ സമ്മതത്തോടെ വീട്ടിലെത്തിയ വ്യക്തിയെ അതിക്രമിച്ചു കയറി മർദ്ദിച്ചു കൊലപ്പെടുത്തിയത് ഭീകരവാദമായി കണക്കാക്കണമെന്ന് കോടതി പറഞ്ഞു. മർദ്ദനമേറ്റ് അവശനായ നസീറിന് കുടിക്കാൻ വെള്ളം നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാത്ത പ്രതികളുടെ നിലപാട് കൊലപാതക ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2016 ജൂൺ 28-ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മങ്കട കൂട്ടിലിലെ യുവതിയുടെ വീട്ടിലെത്തിയ നസീർ ഹുസൈനെ അനാശാസ്യം ആരോപിച്ച് പ്രതികൾ വടികളും പട്ടികകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട നസീറിന്റെ സഹോദരൻ ഉൾപ്പെടെ 70 സാക്ഷികളുണ്ടായിരുന്ന കേസിൽ 39 പേരെ വിസ്തരിക്കുകയും 123 രേഖകളും 22 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. തങ്ങൾ കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് കോടതി മാതൃകാപരമായ ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version