കണ്ണൂർ കാട്ടാമ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. തിരുനെൽവേലി സ്വദേശിയായ പരമശിവമാണ് പോലീസിന്റെ പിടിയിലായത്. അറസ്റ്റിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ പ്രതി വലിയ രീതിയിലുള്ള പരാക്രമമാണ് നടത്തിയത്. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന പോലീസ് വാഹനത്തിന്റെ ചില്ലുകൾ ഇയാൾ അടിച്ചുതകർത്തു. വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയ സമയത്ത് ആശുപത്രിയിൽ വെച്ചും പ്രതി പരാക്രമം തുടർന്നു. നിരവധി മോഷണക്കേസുകളിൽ മുൻപും പ്രതിയായിട്ടുള്ള ഇയാൾക്കെതിരെ പുതിയ സംഭവത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സർക്കാർ വാഹനത്തിന് നാശനഷ്ടം വരുത്തിയതിനും ഇയാൾക്കെതിരെ പ്രത്യേകം കേസെടുത്തിട്ടുണ്ട്.
