ആതിരപ്പള്ളിയിലെ റിസോർട്ടിൽ യുവതിയെ എത്തിച്ച് മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണ്ണം കവരുകയും ചെയ്ത കേസിൽ മുഖ്യപ്രതിയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടകര സ്വദേശി വെട്ടിക്കൽ റഷീദ് (44), പെരിന്തൽമണ്ണ മൂർഖനാട് സ്വദേശി അത്താവീട്ടിൽ ജലാലുദ്ദീൻ (23), വെറ്റിലപ്പാറ ചിക്ലായി സ്വദേശി കളിക്കാട്ടിൽ ജോബിൻ (36) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വാടകയ്ക്ക് വീട് എടുത്തു നൽകാം എന്ന് വിശ്വസിപ്പിച്ച് യുവതിയെ റിസോർട്ടിൽ എത്തിച്ച ശേഷം എംഡിഎംഎ (MDMA) കലർത്തിയ വെള്ളം നൽകി ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം അവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയുടെ സ്വർണ്ണാഭരണങ്ങൾ പ്രതികൾ കവർന്നത്.കേസിലെ മുഖ്യപ്രതിയായ റഷീദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയാണ്. 2016-ൽ തൃശൂർ അയ്യന്തോളിലെ ഫ്ലാറ്റിൽ വെച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ കവർച്ച, വധശ്രമം, മോഷണം, തട്ടിപ്പ് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ മറ്റൊരു പ്രതിയായ ജലാലുദ്ദീൻ മോഷണ, കഞ്ചാവ് കേസുകളിൽ പ്രതിയാണ്. ചാലക്കുടി ഡിവൈഎസ്പി വി.കെ. രാജു, ആതിരപ്പിള്ളി എസ്‌എച്ച്‌ഒ മനീഷ് പൗലോസ്, എസ്.ഐ. ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
