പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്‍റെ അമ്മ അഞ്ജു അറസ്റ്റിലായി. അവിവാഹിതയായ 21 കാരി അഞ്ജു ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിലെ ശുചിമുറിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചേമ്ബിലയില്‍ പൊതിഞ്ഞ് അയല്‍വീട്ടിലെ പറമ്ബിലേക്ക് വലിച്ചെറിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചെന്നാണ് പൊലീസ് കണ്ടെത്തല്‍.ശുചിമുറിയില്‍ പ്രസവിച്ചതും വീടിനോട് ചേർന്ന അയല്‍വീട്ടിലെ പറമ്ബിലേക്ക് ചേമ്ബിലയില്‍ പൊതിഞ്ഞ് പെണ്‍കുഞ്ഞിനെ വലിച്ചെറിഞ്ഞതുമെല്ലാം തെളിവെടുപ്പിനിടെ 21 കാരി പൊലീസിനോട് വിശദീകരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ അഞ്ജുവിനെ ഉച്ചയോടെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മെഴുവേലിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നാട്ടുകാരടക്കം വൻജനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രക്തസ്രാവത്തെ തുടർന്ന് 21 കാരി ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. സംശയം തോന്നിയ ഡോക്ടർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് പ്രസവിച്ച കാര്യം അഞ്ജു സമ്മതിച്ചത്. തുടർന്ന ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ച ഇലവുംതിട്ട പൊലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധിച്ചു.കുഞ്ഞിന്‍റെ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തില്‍ കണ്ടെത്തിയിരുന്നു. വിശദമായ മൊഴിയെടുക്കിലിനു ശേഷം പൊലീസ് കൊലക്കുറ്റം ചുമത്തി. വലിച്ചെറിഞ്ഞപ്പോള്‍ തലയടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് പൊലീസ് പറയുന്നു. ഗർഭിണിയായതും പ്രസവിച്ചതും വീട്ടുകാർക്ക് അറിയില്ലായിരുന്ന എന്ന അഞ്ജുവിന്‍റെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ബന്ധുക്കളെ ചോദ്യം ചെയ്യും. ഗർഭത്തിന് ഉത്തരവാദിയായ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യാനാണ് തീരുമാനം.