ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു; ഉമർ അബ്ദുല്ല സർക്കാറിന് കളമൊരുങ്ങുന്നു
ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആറ് വർഷത്തോളമായി തുടരുന്ന രാഷ്ട്രപതി ഭരണം പിൻവലിക്കുന്നതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് മുഖ്യമന്ത്രിയെ നിയമിക്കുന്നതിന് മുന്നോടിയായാണ് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തിൽ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വെള്ളിയാഴ്ച സർക്കാർ രൂപവത്കരണത്തിനായി അവകാശമുന്നയിച്ച് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റ് ഉമർ അബ്ദുല്ല ലഫ്റ്റനന്‍റ് ഗവർണറെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പിട്ട ഉത്തരവ് പുറത്തിറങ്ങിയത്. 2018ൽ അന്നത്തെ രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. ഗവർണർ ഭരണം ആറ് മാസം പിന്നിട്ട വേളയിലായിരുന്നു നടപടി. അതേവർഷം ജൂണിൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ തകർന്നതോടെയാണ് ഗവർണർ ഭരണം ഏറ്റെടുത്ത...