പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ ഭാനുപ്രിയ ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് അടിഭാഗത്തുനിന്നാണ് ഫയർഫോഴ്സ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ഭരത് എന്ന യുവാവിനെ രക്ഷപ്പെടുത്തിയിരുന്നു.കോയമ്പത്തൂരില്‍ നിന്ന് വിനോദയാത്രക്കായി അഞ്ചുപേരടങ്ങുന്ന സംഘമാണ് പാലക്കുഴിയില്‍ എത്തിയത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ കാല് വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് തങ്ങിനിന്നതിനാലാണ് ഭരതിന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാൻ സാധിച്ചത്. ഇയാളുടെ കൈക്കും കാലിനും മാത്രമാണ് പരിക്കുള്ളത്. ഫയർഫോഴ്സ് കരയ്ക്കെത്തിച്ച ഭാനുപ്രിയയുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഫയർഫോഴ്സും പോലീസും തുടര്‍ നടപടികള്‍ സ്വീകരിച്ചു.പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഇവിടങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ യാത്രാ നിരോധനം അറിയാതെയാണ് സംഘം പാലക്കുഴി മേഖലയിലേക്ക് എത്തിയത്. യാത്രാ നിരോധനം മറികടന്ന് സഞ്ചാരികള്‍ എങ്ങനെ ഈ മേഖലയിലേക്ക് എത്തി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്

