വേങ്ങര: ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായി നടപ്പാക്കുന്നതിനായി തയ്യാറാക്കിയ പ്രവർത്തന ചാർട്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ പ്രകാശനം ചെയ്തു.ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജംസിയ ചീരങ്ങൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സമിത കുമാരി, ഫെസിലിറ്റേറ്റർ ലിനിഷ, കെയർ ഗീവർ ഇബ്രാഹീം എ.കെ., സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർ തുടങ്ങിയവർ പങ്കെടുത്തു.വയോജനങ്ങളുടെ സജീവ പങ്കാളിത്തവും താല്പര്യങ്ങളും മുൻനിർത്തി ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുതിർന്നവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം, വേങ്ങര മോഡൽ സായംപ്രഭാ ഹോമിനെ കൂടുതൽ സജീവവും മാതൃകാപരവുമായ വയോജന സൗഹൃദ ഇടമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
