വേങ്ങര: ചുട്ടുപൊള്ളുന്ന വേനലിൽ വഴിയാത്രക്കാർക്കും പക്ഷികൾക്കും ആശ്വാസമേകാൻ കുറ്റാളൂർ നായർ പീടികയിലെ വെട്ടിക്കാട്ടിൽ ഫർണിച്ചർ സജ്ജീകരിച്ച ‘തണ്ണീർപ്പന്തൽ’ ശ്രദ്ധേയമാകുന്നു. മനുഷ്യർക്കും മിണ്ടാപ്രാണികൾക്കും ഒരുപോലെ ദാഹജലം ലഭ്യമാക്കുന്ന ഈ കാരുണ്യപദ്ധതിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. പക്ഷികൾക്കായുള്ള പ്രത്യേക തണ്ണീർകുടം പദ്ധതിയുടെ ഉദ്ഘാടനം ഊരകം പഞ്ചായത്ത് 18-ാം വാർഡ് മെമ്പർ റൈഹാനത്ത് നിർവ്വഹിച്ചു. വെട്ടിക്കാട്ടിൽ ഫർണിച്ചർ എം.ഡി ഇബ്രാഹിം വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര മണ്ഡലം കെ.വി.വി.ഇ.എസ് ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി. ഹസ്സൻ, സമീർ കുറ്റാളൂർ, അസ മെഡിക്കൽ സെന്റർ എം.ഡി സൈനുൽ ആബിദ് മുല്ലപ്പള്ളി, റുഷ്ദ വെട്ടിക്കാട്ടിൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ദാഹിക്കുന്നവർക്ക് ജലം നൽകുക എന്ന പുണ്യപ്രവർത്തി മാതൃകാപരമായി നടപ്പിലാക്കിയ സ്ഥാപനത്തെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.
