വേങ്ങര: വേങ്ങര ടൗണിന് സമീപം പൊതുവഴി കൈയേറി വർഷങ്ങളായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന അംബാസഡർ കാർ യാത്രക്കാർക്കും നാട്ടുകാർക്കും വലിയ ബുദ്ധിമുട്ടാകുന്നു. തിരക്കേറിയ ഈ ഭാഗത്ത് വാഹനം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും കാൽനടയാത്രക്കാർക്ക് വഴി നടക്കാൻ പോലുമാകാത്ത അവസ്ഥയുമാണ് നിലവിലുള്ളത്. ഉപേക്ഷിക്കപ്പെട്ട ഈ വാഹനം ലഹരി മാഫിയകളുടെ താവളമായി മാറുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവെക്കുന്നുണ്ട്. മോട്ടോർ വാഹന നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ തടസ്സമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ അധികൃതർക്ക് അധികാരമുണ്ടെന്നിരിക്കെ, പഞ്ചായത്തോ പോലീസോ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിൽ വാഹനം അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെവലപ്മെന്റ് ഫോറം ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകി. ഫോറം പ്രസിഡന്റ് അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, പി.എം. ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിലാണ് പി.ഡബ്ല്യു.ഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.പി. ബിന്ദുവിന് നിവേദനം നൽകിയത്. പരാതി പോലീസിനും കൈമാറിയിട്ടുണ്ടെന്നും ഉടൻ നടപടിയുണ്ടാകുമെന്നും എ.ഇ.ഇ അറിയിച്ചു.
