തിരൂരങ്ങാടി: മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി മടങ്ങുന്നതിനിടെ അരൂരിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ അന്തരിച്ചു. തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശി ആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്.ബുധനാഴ്ച വൈകുന്നേരം 6.15-ഓടെ ദേശീയ പാതയിൽ അരൂർ തെക്ക് പെട്രോൾ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന മറ്റു നാല് പേർക്കും നിസ്സാര പരിക്കേറ്റു.സമീറയുടെ മകൾ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്‌സലൻസ് അവാർഡ് ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സന്തോഷത്തോടെ കുടുംബസമേതം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിധിയുടെ ക്രൂരത അപകട രൂപത്തിൽ എത്തിയത്. അപകടത്തിൽ കാറിന്റെ എയർബാഗ് പ്രവർത്തിച്ചിരുന്നതായാണ് വിവരം.അരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഇന്നലെ രാത്രിയോടെ കരിമ്പിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടന്നു. ഷിംല, സിനിയാസ്, ശാമിസ്, ഷെസിൻ എന്നിവരാണ് സമീറയുടെ മക്കൾ
