തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വൈകുന്നേരത്തെ ഒ.പി (ഈവനിംഗ് ഒ.പി) പ്രവർത്തനം മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുന്നു. ഉച്ചക്ക് ശേഷം ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ഇതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ്. ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6:30 വരെ പ്രവർത്തിച്ചിരുന്ന ഈ സേവനം ഒട്ടേറെ പേർക്ക് വലിയ ആശ്വാസമായിരുന്നു. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്ന ഡോക്ടറുടെ കാലാവധി അവസാനിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നടത്തേണ്ടത് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) ആണ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതാണ് നിയമനത്തിന് തടസ്സമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ആശുപത്രി പോലുള്ള അത്യാവശ്യ സർവീസുകളിൽ നിയമനം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി തേടാവുന്നതാണെന്നിരിക്കെ, അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന നിസ്സംഗതയാണ് പ്രശ്നം നീണ്ടുപോകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. ഈവനിംഗ് ഒ.പി ഇല്ലാത്തതിനാൽ ഉച്ചക്ക് ശേഷം എത്തുന്ന രോഗികൾ ഇപ്പോൾ ആശ്രയിക്കുന്നത് കാഷ്വാലിറ്റി (അത്യാഹിത വിഭാഗം) വിഭാഗത്തെയാണ്. എന്നാൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കേണ്ട തിരക്കിനിടയിൽ ഒ.പി രോഗികളെ കൂടി പരിശോധിക്കേണ്ടി വരുന്നത് കാഷ്വാലിറ്റിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും വലിയ ജോലിഭാരമാണ് ഉണ്ടാക്കുന്നത്. ഇത് ചികിത്സാ നിലവാരത്തെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഒ.പി പ്രവർത്തനം പുനരാരംഭിക്കാൻ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം തിരൂരങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഡി.എം.ഒ എന്നിവർക്ക് നിവേദനം നൽകി. ആഴ്ചകളായി തുടരുന്ന ഈ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
