തിരുവനന്തപുരം പാളയത്തെ പെട്രോൾ പമ്പിൽ നിന്ന് ലക്ഷങ്ങൾ കവർന്ന കേസിലെ പ്രതി കൊച്ചിയിൽ പോലീസ് പിടിയിലായി. മലപ്പുറം പൊന്നാനി കടവനാട് സ്വദേശി പുതുമാളിയേക്കൽ വീട്ടിൽ പി.എം. തഫ്സീർ ദർവേഷ് (30) ആണ് എറണാകുളം സെൻട്രൽ പോലീസിന്റെ കസ്റ്റഡിയിലായത്. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ പാളയം പള്ളിക്ക് സമീപമുള്ള പമ്പിലെ ഓഫീസ് മുറിയും ലോക്കറും കുത്തിത്തുറന്ന് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണ് ഇയാൾ കവർന്നത്. കഴിഞ്ഞ രണ്ട് ദിവസത്തെ കളക്ഷൻ തുകയായിരുന്നു ഇത്.മോഷണത്തിന് ശേഷം പ്രതി ഓട്ടോയിൽ രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച മ്യൂസിയം പോലീസ് പ്രതിയെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ ഫോൺ ട്രാക്കിംഗിലൂടെ ഇയാൾ എറണാകുളത്തുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. അറുപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കുപ്രസിദ്ധ മോഷ്ടാവാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ഉടൻ തിരുവനന്തപുരത്ത് എത്തിച്ച് കൂടുതൽ അന്വേഷണം നടത്തും.

