Sunday, November 22News That Matters

യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണവും പേഴ്‌സും മോഷ്ടിച്ച യുവതി തിരൂർ പോലീസിന്റെ പിടിയിൽ

തിരൂർ: യാത്രയ്ക്കിടയിൽ സ്ത്രീകളുടെ ബാഗിൽ നിന്നും പേഴ്സും പണവും മോഷ്ടിക്കുന്ന യുവതി തിരൂർ പോലീസിന്റെ പിടിയിലായതായി അധികൃതർ അറിയിച്ചു. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനിയായ ദേവിക സുധീഷിനെയാണ് (26) പോലീസ് കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായ രീതിയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ കണ്ട ഇവരെക്കുറിച്ച് റെയിൽവേ പോലീസ് തിരൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ യുവതിയുടെ കൈവശമുള്ള ബാഗിൽ നിന്നും നിരവധി പേഴ്സുകൾ കണ്ടെത്തുകയുണ്ടായി. കൂടാതെ ഇവർ താമസിക്കുന്ന മുറിയിൽ നിന്നും സമാന രീതിയിൽ മോഷ്ടിച്ച പേഴ്സുകളും മറ്റും കണ്ടെടുത്തു. ആയുർവേദ ഉൽപ്പന്നങ്ങൾ ഡോർ-ടു-ഡോർ സർവീസ് വഴി വിൽപന നടത്തുന്നതിന്റെ മറവിലാണ് ഇവർ മോഷണം നടത്തിയിരുന്നത്. തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വെച്ച്, പുറകിലേക്ക് ഇടുന്ന ബാഗുകൾ വിദഗ്ധമായി തുറന്നാണ് ഇവർ പണവും മറ്റും മോഷ്ടിച്ചിരുന്നത്. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ പൊന്നാനിയിലും ഇവർക്കെതിരെ സമാനമായ കേസുകളുള്ളതായി വ്യക്തമായിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ, നസീർ തിരൂർക്കാട്, എ.എസ്.ഐ.മാരായ പ്രീത, ഹൈമാവതി, എസ്.സി.പി.ഒ. ഷെമിത് ലാൽ, സി.പി.ഒ.മാരായ ദൃശ്യ, പ്രിയങ്ക, ടോണി, അനന്തു, ഉണ്ണികുട്ടൻ, പ്രദീപ്, ആഷിഷ്, ദിൽജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version