നീറ്റ് യുജി ചോദ്യപേപ്പര് ചോര്ച്ചയില് മുഖ്യസൂത്രധാരന് പിടിയില്. പൂനെയിലെ കെമിസ്ട്രി പ്രൊഫസറായ പി.വി കുല്ക്കര്ണിയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നാഷണല് ടെസ്റ്റിങ് ഏജന്സിയുടെ ചോദ്യപേപ്പര് തയ്യാറാക്കുന്നതില് പങ്കാളിയാണ് കുല്ക്കര്ണി.പ്രതിയായ കുല്ക്കര്ണി എന്ടിഎയുമായി ബന്ധപ്പെട്ട് പ്രവര്ത്തിച്ചിരുന്നെന്നും, അതുവഴി മേയ് മൂന്നിന് നടന്ന പരീക്ഷയുടെ ചോദ്യപേപ്പറുകള് അദ്ദേഹത്തിന് ലഭിച്ചതെന്നും സിബിഐ വ്യക്തമാക്കി. വീട്ടില് രഹസ്യമായി നടത്തിയ കോച്ചിങ് ക്ലാസ് വഴിയാണ് നിരവധി വിദ്യാര്ഥികള്ക്ക് ഇയാള് ചോദ്യപേപ്പര് ചോര്ത്തി നല്കിയതെന്ന് സിബിഐ വ്യക്തമാക്കി.വര്ഷങ്ങളായി നീറ്റ് ചോദ്യപേപ്പര് തയ്യാറാക്കുന്ന സമിതിയിലെ അംഗമായിരുന്നു കുല്ക്കര്ണി. വിരമിച്ച കോളജ് പ്രൊഫസറായ കുല്ക്കര്ണിയെ ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കേസിലെ മറ്റൊരു പ്രതിയായ മനീഷ വാഗ്മാരെയുടെ സഹായത്തോടെയാണ് കുല്ക്കര്ണി തന്റെ വീട്ടില് രഹസ്യ പരിശീലന ക്ലാസ് സംഘടിപ്പിച്ചത്.ഇതുവരെ കേസില് ഏഴ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇവരില് രണ്ടുപേര് രാജസ്ഥാനിലെ ജയ്പൂര് സ്വദേശികളായ മംഗി ലാല്, ദിനേഷ് ബിവാല് എന്നിവരാണ്. സിബിഐ അറസ്റ്റ് ചെയ്യുന്നതിന് മുന്പ് ഇവര് രാജസ്ഥാന് പൊലിസിന്റെ കസ്റ്റഡിയിലായിരുന്നു. മുന് വര്ഷങ്ങളിലും മെഡിക്കല് പ്രവേശന പരീക്ഷ ചോദ്യപേപ്പറുകള് ചോര്ത്തി വിറ്റെന്ന ആരോപണവും ഇവര്ക്കെതിരെ രജിസ്റ്റര് ചെയ്തിട്ടുണ്ട്.അതേസമയം ചോദ്യപേപ്പർ ചോർച്ച തടയാൻ നീറ്റ് അടുത്തവർഷം മുതല്‍ ഓണ്‍ലൈൻ രീതിയില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. നിലവിലെ ഒ.എം.ആർ ഷീറ്റ് അടിസ്ഥാനത്തിലുള്ള പരീക്ഷാ രീതിക്ക് പകരമായാണ് കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനം കൊണ്ടുവരുന്നത്. നാഷണല്‍ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും സുരക്ഷയും വർധിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ഒഴിവാക്കാൻ ഓണ്‍ലൈൻ പരീക്ഷാ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പരീക്ഷാ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനും മൂല്യനിർണയം വേഗത്തിലാക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതർ വ്യക്തമാക്കി.പുതിയ പരീക്ഷാ ഘടന, മാർഗരേഖ, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉടൻ പുറത്തുവിടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
