ന്യൂഡല്‍ഹി: വോട്ട് കൊള്ളയില്‍ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊള്ളയില്‍ ഹൈഡ്രജന്‍ ബോംബ് വരുന്നു. ഉടന്‍ തന്നെ അത് പൊട്ടിക്കും, ബിജെപി കരുതിയിരുന്നോളുവെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ ഗാന്ധി പ്ട്‌നയില്‍ പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ട് മോഷ്ടിക്കുന്നു എന്നതിനര്‍ഥം അധികാരവും മോഷ്ടിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിലധികം കള്ള വോട്ടുകള്‍ നടന്നു, അതില്‍ അധിക വോട്ടുകളെല്ലാം ലഭിച്ചത് ബിജെപിയ്ക്കാണ്. താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് കൃത്യമായ രേഖകള്‍ വെച്ചെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വോട്ട് ചോരിയില്‍ ഇനിയും വെളിപ്പെടുത്തലുകളുണ്ടാവും. രാജ്യത്തെ ജനാധിപത്യ ചരിത്രത്തില്‍ ബീഹാര്‍ വിപ്ലവകരമായ സംസ്ഥാനമാണെന്നും രാജ്യത്തിന് വോട്ടര്‍ അധികാര്‍ യാത്രയിലൂടെ ഒരു സന്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, അതുകൊണ്ടാണ് ഞങ്ങള്‍ ഒരു യാത്ര നടത്തിയത്. ഞങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വലിയ തോതില്‍ ആളുകള്‍ പുറത്തിറങ്ങി ‘വോട്ട് ചോര്‍ ഗഡ്ഡി ചോര്‍’ എന്ന് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യമാണ് ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.