കരിപ്പൂർ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വർണ്ണം പോലീസ് പിടികൂടി. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇത്രയും സ്വർണ്ണം പിടികൂടിയത്.പുലർച്ചെ ഒന്നരയോടെയായിരുന്നു ആദ്യ സംഭവം. ദുബായിൽ നിന്നെത്തിയ കോഴിക്കോട് വളയം സ്വദേശി അൽ അമീൻ (24) ധരിച്ചിരുന്ന ജീൻസിൽ സ്വർണ്ണമിശ്രിതം തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്. എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അൽ അമീനിൽ നിന്ന് സ്വർണ്ണം സ്വീകരിക്കാൻ എത്തിയ നാദാപുരം സ്വദേശികളായ ഹാരിസ് എം. (36), ഹാരിസ് പി.ടി. (38) എന്നിവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ ധരിച്ചുവന്ന ജീൻസിന് 1455 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇതിൽ ഏകദേശം ഒരു കോടി രൂപയുടെ സ്വർണമുണ്ടെന്നാണ് അനുമാനിക്കുന്നത്.രാവിലെ 8:30-ഓടെ റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശി ഷാജഹാനാണ് രണ്ടാമത് പിടിയിലായത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണമിശ്രിതമടങ്ങിയ മൂന്ന് ക്യാപ്സൂളുകളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. 790.5 ഗ്രാം തൂക്കം വരുന്ന ഈ സ്വർണ്ണമിശ്രിതത്തിന് ഒരു കോടി രൂപയിലധികം വിലമതിക്കുമെന്ന് പോലീസ് അറിയിച്ചു.കരിപ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ശൈലേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്വർണ്ണം പിടികൂടിയത്. തുടർനടപടികൾക്കായി സ്വർണ്ണവും മറ്റ് മുതലുകളും പ്രിവന്റീവ് കസ്റ്റംസിന് കൈമാറി. കേസിന്റെ തുടരന്വേഷണം കസ്റ്റംസ് വകുപ്പാണ് നടത്തുന്നത്
