കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ്ജ് ക്യാമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. കരിപ്പൂർ വഴി ഇത്തവണ 969 തീർത്ഥാടകരാണ് യാത്രയാകുന്നത്. ഇതിൽ 686 സ്ത്രീകളും 283 പുരുഷന്മാരും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നാല് തീർത്ഥാടകരും ഈ സംഘത്തിലുണ്ട്.ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. മെയ് 14 മുതൽ 17 വരെയാണ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ വിമാനം ഇന്ന് (വ്യാഴം) പുലർച്ചെ 12.20-നും രണ്ടാമത്തെ വിമാനം 2.25-നുമാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം നിയുക്ത എം.എൽ.എ ടി.പി. അഷ്റഫലി നിർവഹിച്ചു. ചടങ്ങിൽ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, നിയുക്ത എം.എൽ.എ ടി.വി. ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.സംസ്ഥാനത്ത് ഇത്തവണ മൂന്ന് എംബാർക്കേഷൻ പോയിന്റുകൾ വഴിയായി ആകെ 13,851 തീർത്ഥാടകരാണ് ഹജ്ജിന് പുറപ്പെടുന്നത്. ഇതിൽ കൊച്ചി വഴി 7931 പേരും കണ്ണൂർ വഴി 4270 പേരും യാത്രയാകും. തീർത്ഥാടകർക്ക് ആവശ്യമായ താമസം, ഭക്ഷണം, ആരോഗ്യ സൗകര്യങ്ങൾ എന്നിവ ഹജ്ജ് ഹൗസിലും എയർപോർട്ടിലും വിപുലമായി ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റി ട്രെയിനർമാരും വൊളന്റിയർമാരും സേവനത്തിനായി സജ്ജരാണ്.
