അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പ് അന്താരാഷ്ട്ര വനിതാ ദിനാഘോഷ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഉദ്ഘാടനം ചെയ്തു. “അവകാശങ്ങൾ, നീതി, പ്രവർത്തനം എല്ലാ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി” എന്ന ഈ വർഷത്തെ ഐക്യരാഷ്ട്ര സഭയുടെ സന്ദേശത്തെ കുറിച്ച് ജില്ലാ പോലീസ് മേധാവി സംസാരിച്ചു. ചടങ്ങില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്രയും മികവും പ്രകടമാക്കിയ വിശിഷ്ട വ്യക്തികള്‍ക്ക് പുരസ്‌കാരം നൽകി. മികച്ച അങ്കണവാടി, അങ്കണവാടി സൂപ്പർവൈസർ, അങ്കണവാടി വർക്കർമാർ, ഹെൽപർമാർ എന്നിവരെ മൊമന്റോ നൽകി ആദരിച്ചു. മഞ്ചേരി മഹിളാ സമാജം ലീഗൽ കൗൺസിലർ അഡ്വ. നിഷ ബേബി “സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളും നിയമനിർമ്മാണങ്ങളും” എന്ന വിഷയത്തിലും കില, പോലീസ് & വുമൺ കമ്മീഷൻ ജെൻഡർ ട്രെയിനർ രോഹിണി മുത്തൂർ “ലിംഗസമത്വം” എന്ന വിഷയത്തിലും സെമിനാറുകൾ സംഘടിപ്പിച്ചു. ശേഷം വിവിധ ഐ.സി.ഡി.എസ്. പ്രവർത്തകരുടെ കലാപരിപാടികൾ അരങ്ങേറി. ജില്ലാ വനിതാ ശിശു സംരക്ഷണ ഓഫീസര്‍ ടി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാതല ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ ടി.എൻ. ധന്യ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷാജിത അറ്റാശ്ശേരി, മലപ്പുറം അർബൻ ശിശു വികസന പദ്ധതി ഓഫീസർ വി പ്രമീള, വണ്ടൂർ ഐ.സി.ഡി.എസ്. സി.ഡി.പി.ഒ. റിംസി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
