സംസ്ഥാന ബജറ്റിൽ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരോട് സർക്കാർ കടുത്ത അവഗണന കാണിച്ചതിൽ കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാരിന് കീഴിലുള്ള അങ്കണവാടി, ആശാ പ്രവർത്തകർ, പാചക തൊഴിലാളികൾ, ആയമാർ എന്നിവരടക്കമുള്ളവർക്ക് അടിക്കടി ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും നൽകിയപ്പോഴും, വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചപ്പോഴും തങ്ങളെ വിസ്മരിച്ചത് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ കരാറടിസ്ഥാനത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന, പത്ത് വർഷം പൂർത്തിയാക്കിയ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി, ധനമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി വിവിധ കക്ഷി നേതാക്കൾക്ക് നിവേദനം നൽകും. സംസ്ഥാന പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പറ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. സുനിത, വനജ ടി.പി, സക്കീന പി.കെ, ഷീജ പി.കെ, അമ്പിളി ടി, സുമ വി, ബിനു ജെയിംസ് എന്നിവർ സംസാരിച്ചു.
