Thursday, January 15News That Matters

വിദേശയാത്രയ്ക്കായി നോര്‍ക്ക ശുഭയാത്ര വായ്പാ പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി കരാര്‍ കൈമാറി

വിദേശ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനുളള വായ്പാ ധനസഹായപദ്ധതിയായ  നോര്‍ക്ക ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും. ഇതിനായുളള കരാര്‍ വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി റോസക്കുട്ടിയുടെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ബിന്ദു വി. സി യും കൈമാറി. വിദേശയാത്രയ്ക്കൊരുങ്ങുന്ന വനിതകള്‍ പലപ്പോഴും പലിശക്കാരുടെ സാമ്പത്തിക ചൂഷണത്തിന് വിധേയരാകാറുണ്ട്. ഇതില്‍ നിന്നുളള മോചനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെ.സി റോസക്കുട്ടി പറഞ്ഞു. തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സില്‍ നിന്നും ജനറല്‍ മാനേജര്‍ റ്റി രശ്മി റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, ഹോം ഒതന്റിക്കേഷന്‍ ഓഫീസര്‍ ഷെമീം ഖാൻ എസ്.എച്ച് എന്നിവരും വനിതാ വികസന കോര്‍പ്പറേഷന്‍ പ്രതിനിധികളും സംബന്ധിച്ചു. വിദേശജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് സാമ്പത്തികമായി ബുദ്ധിമുട്ടുളള 18 നും 55 നും മധ്യേ പ്രായമുളള വനിതകള്‍ക്ക് പദ്ധതിയുടെ  പ്രയോജനം ലഭിക്കും. 

സബ്സിഡി കഴിഞ്ഞ് വെറും നാലു ശതമാനം പലിശനിരക്കില്‍ 36 മാസ തിരിച്ചടവില്‍ രണ്ടു ലക്ഷം രൂപ വരെയാണ് അര്‍ഹരായ (വനിതകള്‍) അപേക്ഷകര്‍ക്ക്  “കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍-നോര്‍ക്ക ശുഭയാത്ര” പദ്ധതി മുഖേന വായ്പയായി ലഭിക്കുക.  ആദ്യത്തെ ആറ് മാസത്തെ മുഴുവന്‍ പലിശയും നോര്‍ക്ക റൂട്ട്‌സ് വഹിക്കുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. സംസ്ഥാനത്തെ വനിതാവികസന കോര്‍പ്പറേഷന്‍ ഓഫീസുകള്‍ മുഖേനയും നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് സന്ദര്‍ശിച്ചും (www.norkaroots.kerala.gov.in) അര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. പ്രവാസി നൈപുണ്യ വികസന സഹായ പദ്ധതി, വിദേശ തൊഴിലിനായുള്ള യാത്രാ സഹായ പദ്ധതി എന്നീ ഉപപദ്ധതികള്‍ ചേര്‍ന്നതാണ് നോര്‍ക്ക ശുഭയാത്ര. വിദേശത്ത് തൊഴില്‍ നേടുന്നതിന് ആവശ്യമായ നൈപുണ്യ പരിശീലനം, വിദേശയാത്രയ്ക്കുള്ള പ്രാരംഭ ചെലവുകള്‍ എന്നിവയ്ക്കായി പലിശ സബ്‌സിഡിയോടെ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കുന്നതാണ് പദ്ധതി. വീസ സ്റ്റാമ്പിംഗ്, എച്ച്ആര്‍ഡി/എംബസി അറ്റസ്റ്റേഷന്‍, എയര്‍ ടിക്കറ്റുകള്‍, വാക്‌സിനേഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി വായ്പ പ്രയോജനപ്പെടുത്താവുന്നതാണ്. നോര്‍ക്ക റൂട്ട്‌സ് എന്‍ഡിപിആര്‍ഇഎം പദ്ധതിയുടെ’ പൊതുവായ മാനദണ്ഡങ്ങള്‍ നോര്‍ക്ക ശുഭയാത്ര പദ്ധതിക്കും ബാധകമാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version