തിരൂരങ്ങാടി: ഭീകരതക്കും തീവ്രവാദത്തിനുമെതിരെ ആദ്യ ശബ്ദം ഉയരേണ്ടത് പള്ളികളിൽ നിന്നാണെന്നു കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ മദനി പറഞ്ഞു. ചെമ്മാട് താജ് കൺവൻഷൻൻ സെന്ററിൽകെ.എൻ.എം കേരള മസ്ജിദ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് നിയമ ഭേദഗതി മഹല്ലുകളുടെ ദൗത്യം എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിൽ കേരളത്തിലെ കെ.എൻ.എം മഹല്ല് പ്രധാന ഭാരവാഹികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. മതത്തെ തെറ്റായി വ്യാഖ്യാനിച്ചു അതിവാദങ്ങൾക്കും അതിര് വിട്ട പ്രവർത്തനങ്ങൾക്കും ന്യായീകരണം ചമക്കുന്നവരെ കരുതിയിരിക്കണമെന്നും കെ.എൻ.എം പ്രസിഡന്റ് ആവശ്യപ്പെട്ടു. സാമൂഹ്യ സൗഹാർദ്ദം നിലനിർത്തുന്നതിൽ പള്ളികളുടെ പങ്ക് വളരെ വലുതാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന വാക്കുകൾ പള്ളികളിൽ നിന്നും ഉണ്ടാകരുത്. കേരളത്തിൽ വിഭാഗീയത തടഞ്ഞു നിർത്തുന്നതിൽ പള്ളികൾ വഹിച്ച പങ്ക് എല്ലാവരും അംഗീകരിക്കുന്നതാണ്. സമൂഹത്തെ ബാധിക്കുന്ന ഏത് പ്രശ്നത്തിലും പള്ളികളിൽ നിന്നും ഉദ്ബോധനം ഉണ്ടാകുന്നതിനാൽ സമൂഹത്തെ പെട്ടെന്ന് ബോധവത്കരിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിന്റെ സന്ദേശമാണ് പള്ളികൾ സമൂഹത്തിന് നൽകുന്നത്. ലഹരിക്കെതിരെയുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ നടക്കണമെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് നിയമം ഭേദഗതിയിൽ കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് കെ എൻ എം ആവശ്യപ്പെട്ടു. തീർത്തും ഭരണഘടന വിരുദ്ധമായ വഖ്ഫ് നിയമ ഭേദഗതി കോടതി കയറിയ നിലക്ക് കേന്ദ്ര സർക്കാർ അവരുടെ അതിര് വിട്ടവാദങ്ങൾ പിൻവലിക്കണമെന്നും കെ എൻ എം ആവശ്യപ്പെട്ടു. രാജ്യത്തെ മുസ്‌ലിം ന്യുനപക്ഷത്തിന്റെ സമൂഹ്യ പുരോഗതിക്ക് വലിയ തടസ്സം നിൽക്കുന്ന നിയമഭേദഗതിയാണ് വഖ്ഫിൽ ഉണ്ടായിരിക്കുന്നത്. യുവതലമുറയുടെ വിദ്യാഭ്യാസ സാംസ്‌ക്കാരിക മുന്നേറ്റത്തിന് ഉപകരിക്കേണ്ട വഖഫ് സ്വത്തുകൾ അന്യായമായി അധീനപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. വഖ്ഫ് സ്വത്തുക്കൾ മരവിപ്പിച്ചു മുസ്‌ലിം ന്യുനപക്ഷത്തിന്റെ പുരോഗതി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കെതിരെ മതേതരസമൂഹം ഒന്നിച്ചു നിൽക്കണമെന്നും കെ.എൻ.എം ആവശ്യപ്പെട്ടു. രാജ്യത്തെ മത നിരപേക്ഷ സമൂഹം ഇക്കാര്യത്തിൽ പാർലമെന്റിലും സുപ്രീം കോടതിയിലും നടത്തുന്ന പോരാട്ടങ്ങൾക്കു കെ.എൻ.എം സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.വഖ്ഫ് നിയമ ഭേദഗതി യുടെ പശ്ചാത്തലത്തിൽ മഹല്ല്, സ്ഥാപന മേധാവികൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് അഡ്വ ഹാരിസ് ബീരാൻ എം.പി. ആവശ്യപെട്ടു. സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്മൂലം യാതൊരു അടിസ്‌ഥാനവുമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.വഖ്ഫ് ഭേദഗതിയെ ന്യായീകരിക്കുന്നവർക്ക് ഒരു തെളിവുമില്ല. വിഭാഗീയത വളർത്താൻ മത്രമേ ഇത്തരം അടിസ്ഥാന രഹിതമായ വാദങ്ങൾ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.സമുദായങ്ങളെ തമ്മിലടിപ്പിച്ചു രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണ് വഖ്ഫ് നിയമ ഭേദഗതിയുടെ മറവിൽനടക്കുന്നത്.വഖഫ് സ്വത്ത് അധിനിവേശ ശ്രമമാണ് ഇതെന്ന് തിരിച്ചറിയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഏക സിവിൽ കോഡിലേക്കുള്ള നീക്കമാണ് നടക്കുന്നത്. മതേതര രാജ്യത്ത് സംഭവിക്കാൻ പറ്റാത്ത കാര്യങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണ ഘടന സംരക്ഷണമാണ് നമ്മുടെ ബാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. അഡ്വ ഹാരിസ് ബീരാൻ എം.പി മുഖ്യാതിഥിയായിരുന്നു.മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ: പി.എം.എ സലാം, അഡ്വ: പി.വി. സൈനുദ്ദീൻ,ഡോ.ഹുസൈൻ മടവൂർ, പ്രൊഫ എൻ.വി അബ്ദു റഹ്‌മാൻ, എ.പി. അബ്ദു സമദ്, എം. സ്വലാഹുദ്ധീൻ മദനി, എ. അസ്ഗർ അലി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എം. ടി. അബ്ദു സമദ് സുല്ലമി, അബ്ദു റഹ്‌മാൻ മദനി പാലത്ത്, ഡോ.സുൾഫിക്കർ അലി, വി.കെ. സക്കരിയ്യ, സി. മുഹമ്മദ് സലീം സുല്ലമി,ഹനീഫ് കായക്കൊടി, ഷറഫുദ്ദീൻ തെയ്യമ്പാട്ടിൽ, എൻ. കുഞ്ഞിപ്പ മാസ്റ്റർ, എ.കെ. ഈസ മദനി , പി. കുഞ്ഞി മുഹമ്മദ് അൻസാരി, എം.കെ. ബാവ, പി. സി. കുഞ്ഞഹമ്മദ് മാസ്റ്റർ ,ടി. യുസുഫ് അലി സ്വലാഹി, എൻ. വി. ഹാഷിം ഹാജി, അഷ്റഫ് ചെട്ടിപ്പടി, ഉബൈദുല്ല താനാളൂർ, സിറാജ് ചേലേമ്പ്ര, സുഹ്ഫി ഇമ്രാൻ, കെ. ഹംസ മാസ്റ്റർ, പി.പി.എം. അഷ്റഫ്, ഫൈസൽ ബാബു സലഫി എന്നിവർ പ്രസംഗിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com