‘നല്ലൊരു നാളെക്കായി സമൂഹത്തോടൊപ്പം കുടുംബശ്രീയും’ എന്ന ആപ്തവാക്യത്തോടെ ലഹരിയെ പ്രതിരോധിക്കാൻ മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന ‘ആഡ്’ (ADD-Anti Drug Drive)ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി എക്‌സ്‌ക്ക്യൂട്ടീവ് മെമ്പർ പി.കെ സൈനബ നിർവ്വഹിച്ചു. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷ വഹിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ റാലിയും നടത്തി. പരിപാടിയോടനുബന്ധിച്ച് മുഴുവൻ അംഗങ്ങളും ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. ജനമൈത്രി എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ആർ.പി. സുരേഷ് ബാബു ലഹരി ബോധവൽക്കരണ സന്ദേശം നൽകി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനൂപ്, നോഡൽ മെഡിക്കൽ ഓഫീസർ ഡോ. പ്രവീണ, പോലീസ് സബ് ഇൻസ്പെക്ടർ തോമസ് കുട്ടി, മമ്പാട് സി.ഡി.എസ് ഷിഫ്‌ന നജീബ്, അമരമ്പലം സി.ഡി.എസ് മായ ശശികുമാർ എന്നിവർ സംസാരിച്ചു. നിലമ്പൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നിന്ന് ആരംഭിച്ച റാലി നിലമ്പൂർ ബസ് സ്റ്റാൻഡിൽ അവസാനിച്ചു. പാലേമാട് ശ്രീ വിവേകാനന്ദ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ് കുമാർ സ്വാഗതവും നിലമ്പൂർ നഗരസഭാ സി.ഡി.എസ് ചെയർപേഴ്‌സൻ വി. വസന്ത നന്ദിയും പറഞ്ഞു.