കണ്ണൂര്‍: വ്യാപാരിയുടെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയിലധികം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി വീട്ടുടമയുടെ ബന്ധു. ലോക്കര്‍ ഇരിക്കുന്ന സ്ഥലവും താക്കോല്‍ എവിടെയെന്നും കൃത്യമായി മനസിലാക്കിയാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് വീട്ടുടമ അഷ്‌റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു. ലോക്കറും താക്കോലും വേറെ വേറെ മുറിയിലായിരുന്നുവെന്നും ജാബിര്‍ പ്രതികരിച്ചു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ മറ്റൊരു ബെഡ്റൂമിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ അലമാരയുടെ താക്കോല്‍ മറ്റൊരു മുറിയിലുമായിരുന്നു. എന്നാല്‍ ഈ മുറികളില്‍ നിന്ന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതില്‍ നിന്ന് ലോക്കര്‍ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ വന്നതെന്നാണ് കരുതുന്നതെന്നും എന്നാല്‍ മോഷണം നടത്തിയത് അറിയുന്ന ആളുകളാണോയെന്ന് പറയാന്‍ കഴിയില്ലെന്നും ജാബിര്‍ പറഞ്ഞു. കണ്ണൂര്‍ വളപട്ടണത്താണ് വന്‍ കവര്‍ച്ച നടന്നത്. അരി മൊത്തവ്യാപാരിയാണ് അഷ്റഫ്. അഷ്റഫും കുടുംബവും മഥുരയിലെ ബന്ധുവിന്റെ വിവാഹത്തിന്‍ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മഥുരയിലേക്ക് പുറപ്പെട്ടത്. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. ബുധനാഴ്ചയാണ് മോഷണം നടന്നതെന്നാണ് സംശയം.
യാത്രയ്ക്ക് മുമ്പ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നില്ലെന്ന് അഷ്റഫ് പറഞ്ഞിരുന്നു. വീട്ടില്‍ തന്നെ ലോക്കര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് പണവും സ്വര്‍ണവും വീട്ടില്‍ തന്നെ സൂക്ഷിച്ചത്, മൂപ്പത് വര്‍ഷത്തോളമായി ഇവിടെ താമസിക്കുന്നു. ആദ്യാമായാണ് ഇത്തരമൊരു അനുഭവമെന്നും അഷ്റഫ് പറഞ്ഞു. കിടപ്പുമുറിയില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. കവര്‍ച്ചാസംഘത്തില്‍ മൂന്ന് പേരുണ്ടെന്നാണ് വിവരം. ഇതില്‍ രണ്ട് പേരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com