
പാലക്കാട്: കാറിൽ കടത്തുകയായിരുന്ന 800 ഗ്രാം എം.ഡി.എം.എ അടക്കം കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം നാല് പേരെ പാലക്കാട് പൊലീസ് പിടികൂടി. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസ്റൂദ്ദീൻ (30), ഭാര്യ ദക്ഷിണ കന്നഡ ബെൽത്തങ്ങാടി സ്വദേശിനി ബീഫാത്തിമ (27), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നാസിഹ് (27), കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവർ ഷെബീർ അഹമ്മദ് (17) എന്നിവരാണ് അറസ്റ്റിലായത്.തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ഒലവക്കോട് ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിന്റെ പിൻസീറ്റിനടിയിൽ പോളിത്തീൻ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. 800 ഗ്രാം എം.ഡി.എം.എ, രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഏഴ് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, രണ്ട് ഗ്രാം കൊക്കെയിൻ, രണ്ട് ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി പിടിയിലായ ഒരാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് സംഘത്തിലെ പ്രധാനിയായ മണ്ണാർക്കാട് സ്വദേശി സലിമിനെ ഞായറാഴ്ച രാത്രി പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിൽനിന്നുള്ള ലഹരിക്കടത്ത് പൊലീസ് കണ്ടെത്തിയത്.കോയമ്പത്തൂർ കുനിയംപുത്തൂർ ഭാഗത്തുനിന്ന് വാഹനം പിന്തുടർന്ന പൊലീസ്, പൊലീസിനെ കബളിപ്പിക്കാൻ സംഘം രണ്ടുതവണ വഴി മാറ്റിയിട്ടും ചിറ്റൂർ വഴി മലപ്പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇന്നോവ കാറും ഡ്രൈവറെയും വാടകയ്ക്ക് എടുത്താണ് സംഘം ലഹരി കടത്തിയത്. പാലക്കാട് ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയും തുടർനടപടികളും
