Monday, May 25News That Matters

സവാള കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്നു കടത്ത്; KSRTC ബസ്സിൽ കടത്തിയ എം ഡി എം എയുമായി പിടിയിൽ

തൃശൂർ/പാലക്കാട്: സവാള കച്ചവടത്തിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസലഹരി കടത്തുന്നത് പതിവാക്കിയ കുറ്റവാളി മയക്കുമരുന്ന് ശേഖരവുമായി കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് പിടിയിലായി. പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനായ സവാളക്കച്ചവടക്കാരൻ റെനിൽ രാജേന്ദ്രൻ ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 538 ഗ്രാം എം.ഡി.എം.എ (MDMA) എക്സൈസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപയിലധികം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. വാളയാർ പാമ്പാംപള്ളത്തുള്ള ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ബസ് യാത്രക്കാരനായ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് മാരക ലഹരിമരുന്ന് കണ്ടെടുത്തത്. കേരളത്തിലെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപ്പന നടത്താനാണ് ഇത്രയും വലിയ അളവിൽ ലഹരിമരുന്ന് എത്തിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോയമ്പത്തൂരിൽ നിന്നാണ് താൻ ഇത് വാങ്ങിയതെന്നാണ് പ്രതി നൽകിയ പ്രാഥമിക വിവരം. ലഹരി കടത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പ്രതി ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിൽ സ്ഥിരമായി പോകാറുണ്ടായിരുന്നതായും എക്സൈസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. പ്രതിയായ റെനിൽ രാജേന്ദ്രൻ ഇതിനുമുമ്പ് പലതവണ ലഹരി കടത്തിയിട്ടുണ്ടെങ്കിലും എക്സൈസിന്റെ പിടിയിലാകുന്നത് ഇതാദ്യമായാണ്. ഇയാൾക്കെതിരെ മറ്റ് പോലീസ്-എക്സൈസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണ്. പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്, തൗഫീഖ്, ഹരികൃഷ്ണൻ, സുബിൻ രാജ്, അനീഷ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version