ആലുവ: വയോധികനെ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ കബളിപ്പിച്ച് ഒരുകോടി ഇരുപതുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ ആലിപ്പറമ്പ് സ്വദേശി പാറക്കല്ലിൽ വീട്ടിൽ സലിമിനെയാണ് (43) എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് പിടികൂടിയത്. കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതി വയോധികനെ ഫോണിൽ ബന്ധപ്പെട്ടത്.വയോധികന്റെ പേരിൽ മുംബൈയിലെ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അതിലേക്ക് മനുഷ്യക്കടത്ത് കേസിലെ പ്രതി പണം കൈമാറിയിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ജാമ്യമില്ലാ വാറന്റ് ഉണ്ടെന്നും അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കേസന്വേഷണത്തിന്റെ ഭാഗമെന്ന വ്യാജേന എട്ട് ഘട്ടങ്ങളിലായാണ് ഒരു കോടി ഇരുപതുലക്ഷത്തോളം രൂപ പ്രതി തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞ വയോധികൻ പരാതി നൽകിയതോടെ സൈബർ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മലപ്പുറത്ത് നിന്ന് പ്രതി പിടിയിലായത്. ഇൻസ്പെക്ടർ വി.ആർ. ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
