തൃശൂർ: ചേർപ്പിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ആറ് വയസ്സുകാരൻ മരിച്ചു. ചേർപ്പ് ചൊവ്വൂർ ചെറുവത്തേരി മണാത്തിക്കുളത്തിന് സമീപം ചക്കാലക്കൽ അരുൺ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകൻ കൃഷ്ണസ്വരൂപ് ആണ് മരിച്ചത്. തൃപ്പൂണിത്തുറ ഭവൻസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു കൃഷ്ണസ്വരൂപ്. ഇന്ന് ഉച്ചയോടെ ചൊവ്വൂർ മോഴിപറമ്പിലെ ഫർണിച്ചർ ഷോറൂമിന് മുന്നിലായിരുന്നു വിങ്ങുന്ന നോവായ ഈ അപകടം നടന്നത്. ചെറുവത്തേരി കീഴ്തൃക്കോവിൽ ക്ഷേത്രത്തിലെ പത്താമുദയം മഹോത്സവം കണ്ട് അരുൺ കുമാറും മകൻ കൃഷ്ണസ്വരൂപും സ്കൂട്ടറിൽ മടങ്ങുകയായിരുന്നു. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിർദിശയിൽ വന്ന കാറുമായി ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃഷ്ണസ്വരൂപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അരുൺ കുമാർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൃഷ്ണസ്വരൂപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഉത്സവത്തിനെത്തിയ പിതാവും മകനും മടക്കയാത്രയിൽ അപകടത്തിൽപ്പെട്ടത് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
