Thursday, January 15News That Matters

പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നീട്ടി ഹൈക്കോടതി.

‘ തൃശ്ശൂർ പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. തകർന്ന റോഡ് നന്നാക്കിയിട്ട് വരൂ എന്ന് ഹൈക്കോടതി പറഞ്ഞു. മുരിങ്ങൂരിലെ സർവീസ് റോഡ് തകർന്നത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. പാലിയേക്കരയിൽ ടോൾ പിരിവ് പുനഃസ്ഥാപിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി നിലപാട് മാറ്റിയത്. ടോൾപിരിവ് പുനഃസ്ഥാപിക്കുന്നതിനുള്ള ഉത്തരവ് തയ്യാറാക്കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കോടതി മുറിയിലെത്തിയത്. ഈ സമയത്താണ് കളക്ടറുടെ റിപ്പോർട്ട് കോടതിയുടെ മുമ്പാകെയെത്തിയത്. മുരിങ്ങൂരിൽ കഴിഞ്ഞ ദിവസം സർവീസ് റോഡ് തകർന്നു എന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസും മോട്ടോർ വാഹനവകുപ്പും നൽകിയ വിശദീകരണമടക്കമാണ് ജില്ലാ കളക്ടർ കോടതിയുടെ മുമ്പിൽ എത്തിച്ചത്. റോഡ് തകർന്നതുകൊണ്ട് ഗതാഗതപ്രശ്നം ഉണ്ടെന്ന് ജില്ലാ കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഹൈക്കോടതി മാറ്റിവെക്കുകയായിരുന്നു. ടോൾപിരിവ് പുനഃസ്ഥാപിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും ആവശ്യപ്പെട്ടെങ്കിലും കോടതി അത് ചെവിക്കൊണ്ടില്ല. ആദ്യം തകർന്ന സർവീസ് റോഡ് നന്നാക്കിയിട്ട് വരാനും അതുകഴിഞ്ഞ് ബാക്കി കാര്യം ആലോചിക്കാമെന്നും കോടതി നിലപാടെടുത്തു. ഉത്തരവ് പറയാനാണ് ഇന്ന് വന്നത്. എന്നാൽ, ഒരാഴ്ച മുമ്പ് നന്നാക്കിയ സർവീസ് റോഡ് തകർന്നതായുള്ള റിപ്പോർട്ടാണ് ലഭിച്ചത്. അതുകൊണ്ട് റോഡ് നന്നാക്കാതെ ഉത്തരവ് പറയാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സംരക്ഷണഭിത്തി കെട്ടാനായി ആഴത്തിൽ കുഴിയെടുത്തതിനാലാണ് സർവീസ് റോഡ് തകർന്നതെന്നായിരുന്നു ദേശീയപാതാ അതോറിറ്റിയും കരാർ കമ്പനിയും കോടതിയെ അറിയിച്ചത്. ചെറിയ കാര്യങ്ങളുടെ പേരിൽ ടോൾ പിരിവ് തടയരുതെന്ന് അഭ്യർത്ഥിച്ചെങ്കിലും കോടതി അത് ചെവികൊണ്ടില്ല. വ്യാഴാഴ്ച ഹർജി വീണ്ടും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും. വ്യാഴാഴ്ചക്കുള്ളിൽ റോഡ് നന്നാക്കാനാണ് കരാർ കമ്പനിയോടും ദേശീയപാതാ അതോറിറ്റിയോടും ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version