.തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ പ്രമുഖ നയതന്ത്രജ്ഞനായ പി.കെ. കുഞ്ഞാലിക്കുട്ടി വി.ഡി. സതീശൻ മന്ത്രിസഭയിലൂടെ ആറാം തവണയും മന്ത്രിപദവിയിലേക്ക്. ഇത്തവണ മലപ്പുറം നിയോജക മണ്ഡലത്തിൽ നിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറിയ അദ്ദേഹം, ഒൻപതാം തവണയാണ് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. പുതിയ മന്ത്രിസഭയിലെ ഏറ്റവും പരിചയസമ്പന്നനായ നേതാവെന്ന നിലയിൽ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം പുതിയ സർക്കാരിന് വലിയ കരുത്താകും.യു.ഡി.എഫിൽ പ്രതിസന്ധികളുണ്ടാകുമ്പോൾ ആരെയും വേദനിപ്പിക്കാതെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിൽ പ്രഗത്ഭനായ നയതന്ത്രജ്ഞനാണ് പി.കെ. കുഞ്ഞാലിക്കുട്ടി. കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം ക്യാബിനറ്റിൽ പ്രവർത്തിച്ചുള്ള ദീർഘകാലത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം വീണ്ടും മന്ത്രിയാകുന്നത്. 1951 ജൂൺ 1-ന് മലപ്പുറം ഊരകം സ്വദേശിയായ മുഹമ്മദ് ഹാജിയുടെയും കെ.പി. ഫാത്തിമക്കുട്ടിയുടെയും മകനായി ജനിച്ച കുഞ്ഞാലിക്കുട്ടി, 1980-ൽ മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാനായാണ് അധികാര രാഷ്ട്രീയത്തിലേക്ക് വരുന്നത്. അക്കാലത്ത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാനായിരുന്നു അദ്ദേഹം.1982-ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം മലപ്പുറം, കുറ്റിപ്പുറം, വേങ്ങര മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1991-ലെ കെ. കരുണാകരൻ മന്ത്രിസഭയിലാണ് ആദ്യമായി വ്യവസായ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാകുന്നത്. തുടർന്ന് 1995, 2001, 2004 വർഷങ്ങളിലെ മന്ത്രിസഭകളിലും അംഗമായി. 2005-ൽ ഐസ്ക്രീം പാർലർ കേസിനെ തുടർന്ന് രാജി വെക്കേണ്ടി വരികയും 2006-ൽ കുറ്റിപ്പുറത്ത് പരാജയപ്പെടുകയും ചെയ്തത് രാഷ്ട്രീയ ജീവിതത്തിൽ തിരിച്ചടിയായെങ്കിലും, 2011-ൽ ശക്തമായ തിരിച്ചുവരവ് നടത്തി.മുൻ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഐ.ടി വകുപ്പ് മന്ത്രിയെന്ന നിലയിൽ കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറ്റുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. അക്ഷയ ഉൾപ്പെടെയുള്ള ജനപ്രിയ പദ്ധതികൾ ഈ കാലയളവിലാണ് ശ്രദ്ധേയമായത്. 2017 മുതൽ 2021 വരെ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം നിലവിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറിയാണ്.
