Saturday, January 10News That Matters

കായംകുളത്ത് വൻ ലഹരിവേട്ട: MDMA യുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിലായി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് പരിശോധന നടന്നത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏവൂർ വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് ആദ്യം പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 7.25 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. മാസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇവരുടെ വീട്ടിൽ സ്ത്രീകളടക്കം നിരവധി പേർ പതിവായി വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. നൗഫിയയുടെ അടുത്ത സുഹൃത്താണ് ഇവർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാനൂർ പുത്തൻപുര ജംഗ്ഷനിൽ വെച്ചാണ് മറ്റ് രണ്ട് പേർ പിടിയിലായത്. പല്ലന പുതുവൽ സ്വദേശി സാജിദ് (25), ആറാട്ടുപുഴ സ്വദേശി കാശിനാഥൻ (19) എന്നിവരിൽ നിന്നായി ഏഴ് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തൃക്കുന്നപ്പുഴ പോലീസും സംയുക്തമായാണ് ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരി മരുന്നിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version