Thursday, September 18News That Matters

യുവതികളെ വിവാഹം കഴിക്കും, മടുക്കുമ്പോൾ ഉപേക്ഷിച്ച് മുങ്ങും;വിവാഹ തട്ടിപ്പുവീരൻ കുടുങ്ങി

കോന്നി: വിവാഹത്തട്ടിപ്പിനു മൂന്ന് സ്ത്രീകളെ നേരത്തേ ഇരകളാക്കിയ യുവാവ് ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുടുങ്ങി. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്ത നാലാമത്തെ യുവതിയുടെ പരാതിയിലാണ് വിവാഹത്തട്ടിപ്പു വീരൻ പൊലീസ് പിടിയിലായത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയും കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്നയാളുമായ ദീപു ഫിലിപ്പ് (36) ആണ് കോന്നി പൊലീസിന്റെ പിടിയിലായത്. 2022 മാർച്ച്‌ ഒന്നിനും ഈ വർഷം ഫെബ്രുവരി ഏഴിനും ഇടയിലുള്ള കാലയളവിലാണ് യുവതിയെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുൻപ് കല്യാണം കഴിച്ചാണ് വിവാഹത്തട്ടിപ്പിന് തുടക്കം. യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയ ഇയാൾ പിന്നീട് ഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു കടന്നു. തുടർന്ന് കാസർകോടുള്ള മറ്റൊരു യുവതിയുമായി തമിഴ്നാട്ടിലേക്കു മുങ്ങി. അവിടെ കുറേക്കാലം ഒരുമിച്ച് താമസിച്ചശേഷം സ്ഥലംവിട്ടു. പിന്നീട് എറണാകുളത്ത് എത്തിയ ഇയാൾ അവിടെ ഒരു സ്ത്രീയുമായി അടുക്കുകയും കുറേനാൾ അവരുമൊത്ത് കഴിയുകയും ചെയ്തു. തുടർന്നാണ് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ച് ഒപ്പം കൂടിയത്. വിവാഹമോചിതയായ ഇവരെ പിന്നീട് അർത്തുങ്കൽ വച്ച് കല്യാണം കഴിച്ചു. തന്ത്രശാലിയായ ദീപു പരിചയപ്പെടുന്ന സ്ത്രീകളോടെല്ലാം തുടക്കത്തിൽ പറയുക താൻ അനാഥനാണ് എന്നാണ്. വിവാഹം കഴിച്ചാൽ തനിക്കൊരു ജീവിതവുമാകും, ഒറ്റപ്പെടുന്നതിന്റെ വേദന മാറുകയും ചെയ്യുമെന്ന് വൈകാരികമായി പറഞ്ഞു വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തും. തുടർന്ന് ഒരുമിച്ചു ജീവിച്ച് ലൈംഗികമായി ഉപയോഗിക്കുന്ന പ്രതി താൽപര്യം കുറയുമ്പോൾ അടുത്ത ഇരയെ തേടിപ്പോകുകയാണ് ചെയ്തുവന്നത്. ഇത്തരത്തിലായിരുന്നു മുൻപ് മൂന്ന് സ്ത്രീകളെയും ഇയാൾ ചതിച്ചത്. ഇപ്പോൾ വിവാഹം കഴിച്ചു ഒപ്പം കഴിഞ്ഞുവന്ന യുവതിയ്ക്ക് ഇയാളിൽ സംശയം ജനിച്ചത് കാരണമാണ് തട്ടിപ്പിന്റെ കഥകൾ പുറത്തായത്. ദീപുവിന്റെ രണ്ടാം ഭാര്യ, നിലവിലെ ഭാര്യയായ യുവതിയുടെ ഫെയ്സ്ബുക് സുഹൃത്താണ്. അവർ നൽകിയ വിവരമാണ് വിവാഹത്തട്ടിപ്പു വീരന്റെ കള്ളി പുറത്തുകൊണ്ടുവന്നത്. ഇയാൾക്ക് മുൻപുണ്ടായ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ ഇൻഷുറൻസ് തുകയായ മൂന്നര ലക്ഷം രൂപ കിട്ടിയപ്പോൾ യുവതിയോടുള്ള താൽപര്യം കുറഞ്ഞതായി തോന്നി. തുടർന്ന് ഇവരെ ഉപേക്ഷിച്ചുകടക്കാൻ ശ്രമിക്കുന്നു എന്ന നിലവന്നപ്പോഴാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച കോന്നി പൊലീസിൽ കൊടുത്ത പരാതിപ്രകാരം കേസ് റജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾക്കു ശേഷം പ്രതിയെ പത്തനംതിട്ടയിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് ഇയാളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം തെളിവുകൾ ശേഖരിച്ച പൊലീസ് ഇയാളുടെ കുറ്റസമ്മത മൊഴി രേഖപ്പെടുത്തി. പത്തനംതിട്ട ജെഎഫ്എം കോടതി രണ്ടിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തി. കാസർകോട്, വെള്ളരിക്കുണ്ട്, തിരുവനന്തപുരം തുടങ്ങി സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് പ്രതി ബലാത്സംഗത്തിന് വിധേയയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ വിവാഹത്തട്ടിപ്പുവീരനെ കോന്നി പൊലീസ് ഇൻസ്‌പെക്ടർ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version