Saturday, May 2News That Matters

JILLA VARTHAKAL

02-05-2026

യുഎഇ പ്രസിഡന്റിന്റെ ആദരം; സന്നദ്ധസേവനത്തിന് വേങ്ങര സ്വദേശി ഉസ്മാൻ വെട്ടിക്കാടന് ഗോൾഡ് മെഡൽ

അബുദാബി: യുഎഇയിലെ സന്നദ്ധസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് എമിറേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും വേങ്ങര സ്വദേശി ഉസ്മാൻ വെട്ടിക്കാടൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദേശമടങ്ങിയ ഗോൾഡ് മെഡലിന് അർഹനായി. വേങ്ങര പുത്തനങ്ങാടി സ്വദേശിയായ ഉസ്മാൻ നിലവിൽ അബുദാബി വേങ്ങര പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറിയാണ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ അബുദാബി പോലീസ്, അബുദാബി മെഡിക്കൽ സർവീസസ് എന്നിവരോടൊപ്പം ചേർന്ന് മുന്നണി പോരാളിയായി (Frontline Warrior) നടത്തിയ സജീവമായ ഇടപെടലുകൾ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകിയത്. യുഎഇ ഭരണാധികാരിയുടെ സന്ദേശമടങ്ങിയ ഈ പുരസ്കാരം ലഭിച്ചത് പ്രവാസ ലോകത്തും ജന്മനാട്ടിലും വലിയ അഭിമാന നേട്ടമായി. യുഎഇയിലെ വിവിധ സാമൂഹിക-സന്നദ്ധ മേഖലകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ഉസ്മാൻ വെട്ടിക്കാടൻ.

താമരക്കുഴി ചുങ്കപ്പള്ളി ചോലക്കൽ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു

മലപ്പുറം: താമരക്കുഴി ചുങ്കപ്പള്ളി ചോലക്കൽ ഭഗവതി ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രതിഷ്ഠയുടെ ഭാഗമായുള്ള നാഗ പ്രതിഷ്ഠാ ചടങ്ങുകൾ ഭക്തിസാന്ദ്രമായി നടന്നു. മെയ് ഒന്നായ വെള്ളിയാഴ്ച രാവിലെ 9.15-നും 11.15-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. തന്ത്രി പുതുശ്ശേരി ഇല്ലത്ത് ശ്രീകുമാർ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പ്രതിഷ്ഠ നടന്നത്. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ 54 നാഗ വിഭാഗങ്ങൾക്കായി സർപ്പക്കളം വരച്ച് വിശേഷാൽ പരിഹാര കർമ്മങ്ങൾ നടത്തി. നാഗനാശം, നാഗസ്ഥാന നാശം എന്നിവയ്ക്കുള്ള പരിഹാരമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. ദേശത്തിനും കുടുംബത്തിനും നാഗശാപമോക്ഷം ലഭിക്കുന്നതിനായി നാഗക്കോലം വരച്ച് ബലി കർമ്മങ്ങളും നടന്നു. ജ്യോത്സ്യൻ ക്ലാരി കളരിക്കൽ അശോക പണിക്കരുടെ നിർദ്ദേശപ്രകാരം പാതിരിക്കുന്നത്ത് മനയിലെ നീലകണ്ഠൻ നമ്പൂതിരി പരിഹാര കർമ്മങ്ങൾക്ക് നേതൃത്വം നൽകി. ചുങ്കപ്പള്ളി തറവാട്ടുകാരും പ്രദേശവാസികളും ഉൾപ്പെടെ നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ സംബന്ധിച്ചു.

‘ജൈവ കനി’ പദ്ധതിക്ക് തുടക്കം; മലപ്പുറം കളക്ടറുടെ വസതിയിൽ പച്ചക്കറിത്തൈകൾ നട്ടു

മലപ്പുറം: സമൂഹത്തിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി മലപ്പുറം സി.എച്ച് സെന്റർ ദുബായ് ചാപ്റ്റർ കമ്മിറ്റി ആവിഷ്കരിച്ച ജൈവകൃഷി പ്രോത്സാഹന പദ്ധതിക്ക് തുടക്കമായി. ‘ജൈവ കനി’ എന്ന് പേരിട്ടിരിക്കുന്ന ഈ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ നിർവ്വഹിച്ചു. ‘രോഗം വരുന്നതിന് മുമ്പെ സമൂഹത്തെ ചികിത്സിക്കാം’ എന്ന പ്രമേയത്തിൽ കനി കലാ കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുത്ത് അവിടെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ജൈവകൃഷി നടത്തുകയും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പദ്ധതി മികച്ച രീതിയിൽ നടപ്പിലായാൽ മലപ്പുറത്തിന്റെ ആരോഗ്യ സംസ്‌കാരത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും മറ്റ് ജില്ലകൾക്ക് ഇത് മാതൃകയാകുമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

മലപ്പുറം: എം എസ് പി ഹൈസ്കൂളിലെ 1972-73 ബാച്ച് എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ വുഡ് ബൈന്‍ ഓഡിറ്റോറിയത്തില്‍ സിംഗപ്പൂരിലെ ഹോട്ടല്‍ വ്യവസായിയും അലംനിയുമായ വി ജി സുനില്‍ദീപ് ഉദ്ഘാടനം ചെയ്തു. ഔപചാരിക ചടങ്ങുകള്‍ ഒഴിവാക്കി പരസ്പരം സംസാരിക്കാനും, പഴയ കഥകള്‍ പറയാനും പാട്ടുപാടാനും പങ്കെടുത്തവര്‍ക്ക് അവസരം നല്‍കി. തങ്ങളെ വിട്ടുപിരിഞ്ഞ 11 സഹപാഠികള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കെ എം മോഹനകുമാര്‍ എന്ന ഉണ്ണി, വിജയകുമാര്‍ വി, സുഗുണദാസ് സി, പ്രേമലത എം കെ,  യു അലവി എന്നിവര്‍ നേതൃത്വം നല്‍കി.

01-05-2026

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പ്രതിസന്ധി: സ്കൂളുകൾ ജൂണിൽ തുറക്കില്ലെന്ന് മാനേജേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ്

മലപ്പുറം: സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്ന നിഷേധാത്മക നിലപാട് തുടർന്നാൽ വരാനിരിക്കുന്ന ജൂൺ മാസത്തിൽ വിദ്യാലയങ്ങൾ തുറക്കില്ലെന്ന് കേരള പ്രൈവറ്റ് എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) മുന്നറിയിപ്പ് നൽകി. മലപ്പുറത്ത് ചേർന്ന അസോസിയേഷൻ കൺവെൻഷനിലാണ് ഈ കടുത്ത തീരുമാനം കൈക്കൊണ്ടത്. വർഷങ്ങളായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചുകൊണ്ടിരിക്കുന്ന സ്കൂളുകൾ നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് അപേക്ഷ നൽകിയിട്ടും സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പ്രകാരം ഏഴിലധികം വകുപ്പുകളിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാലേ ഫിറ്റ്നസ് നൽകൂ എന്ന നിബന്ധന അപ്രായോഗികമാണ്. സ്കൂൾ തുറക്കാൻ ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇത്തരം സങ്കീർണ്ണമായ കടമ്പകൾ പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങുക എന്നത് അസാധ്യമാണെന്നും ഇത് ഗവൺമെന്റ് സ്കൂൾ പ്രഥമാധ്യാപകരെയും എയ്ഡഡ് സ്കൂൾ മാനേജർമാരെയും വട്ടം കറക്കുന്ന നടപടിയാണെന്നും നേതാക്കൾ ആരോപിച്ചു. പഞ്ചായത്ത് എൻജിനീയർമാർ സുരക്ഷാ വിലയിരുത്തൽ നടത്തി ഫിറ്റ്നസ് നൽകുന്ന നിലവിലെ രീതി തുടരണമെന്നും മറ്റ് വകുപ്പുകളുടെ പരിശോധനകളെ കെട്ടിട ഫിറ്റ്നസുമായി ബന്ധിപ്പിക്കുന്നത് അധ്യയന വർഷത്തിന്റെ തുടക്കം പ്രതിസന്ധിയിലാക്കുമെന്നും യോഗം വിലയിരുത്തി. വനം, അഗ്നിരക്ഷാ, ആരോഗ്യ വകുപ്പുകൾക്ക് സ്കൂളുകളിൽ ആവശ്യമായ പരിശോധനകൾ നടത്തി നിർദ്ദേശങ്ങൾ നൽകാവുന്നതാണ്, എന്നാൽ ഇതിന്റെ പേരിൽ കെട്ടിട ഫിറ്റ്നസ് തടഞ്ഞുവെക്കുന്നത് ശരിയല്ല. സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് പന്തല്ലൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അലി സത്താർ, കെ.വി. കാവ്, നാസർ മാവണ്ടിയൂർ, കെ.പി. ഹുസൈൻ ഹാജി, ഉണ്ണി ചേലേമ്പ്ര, ബിജു മേലാറ്റൂർ, അസീസ് തേങ്ങാട്ട്, സത്യൻ കോട്ടപ്പടി, അഷറഫലി പാറയിൽ തുടങ്ങിയവർ സംസാരിച്ചു. മെയ് 15-നകം പരിശോധനകൾ പൂർത്തിയാക്കി നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇ-ചലാൻ മെഗാ അദാലത്ത് ഇന്ന് അവസാനിക്കും; പിഴത്തുകയിൽ 50% ഇളവ് നേടാൻ തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ വിപുലമായ സൗകര്യം

തിരൂരങ്ങാടി: മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ലഭിച്ച പിഴത്തുക പകുതി മാത്രം അടച്ച് തീർപ്പാക്കാനുള്ള മെഗാ അദാലത്ത് ഈ മാസം 30-ന് (വ്യാഴാഴ്ച) സമാപിക്കും. 2024 ഡിസംബർ 31-ന് മുൻപ് എഐ ക്യാമറ വഴിയോ പോലീസ്, മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ വഴിയോ ലഭിച്ച ചലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ തിങ്കളാഴ്ച ആരംഭിച്ച അദാലത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനോടകം നാനൂറോളം വാഹന ഉടമകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി കേസുകൾ തീർപ്പാക്കി. വാഹന ഉടമകൾക്ക് നാളെ വൈകുന്നേരം 5 മണി വരെ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ services.mvd.kerala.gov.in വഴി നേരിട്ടും തുക അടയ്ക്കാവുന്നതാണ്. കോടതി നടപടികളിലേക്ക് നീങ്ങിയ കേസുകൾ പോലും ഇളവുകളോടെ ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. അദാലത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി പ്രത്യേക കൗണ്ടറുകൾ ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ജോയിന്റ് ആർടിഒ ജി. സുഗതൻ അറിയിച്ചു. വാഹന ഉടമകൾക്ക് ഏറെ ആശ്വാസകരമായ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജീവിതശൈലീ രോഗങ്ങൾക്കെതിരെ ‘ജൈവ കനി’; മലപ്പുറം സി.എച്ച് സെന്റർ ദുബായ് ചാപ്റ്ററിന്റെ കൃഷി പദ്ധതിക്ക് തുടക്കമാകുന്നു

മലപ്പുറം: സമൂഹത്തിൽ വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾക്ക് പ്രതിരോധമെന്ന നിലയിൽ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി മലപ്പുറം സി.എച്ച് സെന്റർ ദുബായ് ചാപ്റ്റർ പുതിയ പദ്ധതി ആവിഷ്കരിച്ചു. ‘രോഗം വരുന്നതിന് മുമ്പെ സമൂഹത്തെ ചികിത്സിക്കാം’ എന്ന പ്രമേയത്തിൽ കനി കലാ കൂട്ടായ്മയുമായി സഹകരിച്ച് ‘ജൈവ കനി’ എന്ന പേരിൽ ഈ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നത്. താൽപ്പര്യമുള്ള വ്യക്തികളിൽ നിന്ന് ഭൂമി ഏറ്റെടുത്ത് അവിടെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ജൈവകൃഷി നടത്തുകയും ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇത് ജില്ലയുടെ ആരോഗ്യ സംസ്‌കാരത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഐ.എ.എസ് തന്റെ വസതിയോട് ചേർന്നുള്ള ഭൂമിയിൽ തൈ നട്ട് നിർവ്വഹിക്കും. വാർത്താസമ്മേളനത്തിൽ സി.എച്ച് സെന്റർ ദുബായ് ചാപ്റ്റർ പ്രസിഡന്റ് സഫീറലി മങ്കരത്തൊടി, കനി പ്രസിഡന്റ് നൗഷാദ് മാമ്പ്ര, ഐ.ഐ.ടി മദ്രാസ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി.എം നബീൽ, ഷംഷാദ് ബീഗം പാലക്കാട്, അൻവർ ടൈറ്റാനിയം എന്നിവർ പങ്കെടുത്തു.

ഊരകം ശരീഅത്ത് അക്കാദമി കെട്ടിട ഉദ്ഘാടനം ഇന്ന്; ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിക്കും

ഊരകം: തൻവീറുൽ ഇസ്‌ലാം അക്കാദമിക്ക് കീഴിൽ ഊരകം പുള്ളിക്കല്ലിൽ പുതുതായി ആരംഭിക്കുന്ന ശരീഅത്ത് അക്കാദമി കെട്ടിടത്തിന്റെ ഉദ്ഘാടനവും പഠനാരംഭവും ഇന്ന് (വെള്ളി) വൈകുന്നേരം 7 മണിക്ക് നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഉദ്ഘാടനകർമ്മം നിർവ്വഹിക്കുന്നത്. കോഴിക്കോട് ഖാസി സയ്യിദ് നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ ചടങ്ങിൽ അധ്യക്ഷനാകും. സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് മുഈനുദ്ദീൻ ജിഫ്രി തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് കെ.കെ മൻസൂർ കോയ തങ്ങൾ, സയ്യിദ് അലി അക്ബർ തങ്ങൾ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സയ്യിദ് മുഈനുദ്ദീൻ ജിഫ്രി തങ്ങൾ, സൈനുദ്ദീൻ ഫൈസി ഊരകം, കെ.കെ അബ്ദുറഹ്മാൻ, അനീർ തങ്ങൾ, ഉവൈസ് ഫൈസി, ആശിഫ് സനാഇ, സൈനുൽ ആബിദ് വാഫി, നിസാമുദ്ദീൻ ഫൈസി എന്നിവർ പങ്കെടുത്തു.

പി.എസ്.സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയ്  രണ്ടിന്  ഉച്ചയ്ക്ക് ശേഷം 01.30 മുതല്‍ 3.05 വരെ നടത്താന്‍ നിശ്ചയിച്ച ഡിഗ്രി ലെവല്‍ കോമണ്‍ പ്രിലിമിനറി എക്‌സാമിനേഷന്‍ സ്‌റ്റേജ് 1 (കാറ്റഗറി നമ്പര്‍ 017/25, 187/25,188/25) ഒ.എം.ആര്‍ പരീക്ഷക്ക് ജില്ലയിലെ ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 1138844 മുതല്‍ 1139143 വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ പരീക്ഷാകേന്ദ്രത്തിന് പകരം ജി.വി.എച്ച്.എസ്.എസ് വേങ്ങര (ഹയര്‍ സെക്കന്‍ഡറി സെക്ഷന്‍) എന്ന പരീക്ഷാ കേന്ദ്രത്തില്‍ നിശ്ചിത സമയത്ത് എത്തിച്ചേരണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച വിവരം പ്രൊഫൈലില്‍ ലഭ്യമാണ്. പരീക്ഷാ തീയതി, സമയം എന്നിവയില്‍ മാറ്റമില്ല. പരീക്ഷയ്ക്കായി പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ആദ്യ പരീക്ഷാ കേന്ദ്രത്തിലെ അഡ്മിഷന്‍ ടിക്കറ്റുമായോ അല്ലെങ്കില്‍ പുതിയ പരീക്ഷാകേന്ദ്രത്തിലെ അഡ്മിഷന്‍ ടിക്കറ്റുമായോ പുതിയ പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.

നീറ്റ് പരീക്ഷ മെയ്‌ മൂന്നിന് ജില്ലയിലെ 33 കേന്ദ്രങ്ങളിൽ: വിദ്യാർത്ഥികൾ സമയക്രമം പാലിക്കണം – ജില്ലാ കളക്ടർ
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യു.ജി) പരീക്ഷ മെയ്‌ മൂന്നിന്  ജില്ലയിലെ 33 കേന്ദ്രങ്ങളിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന്  ആരംഭിക്കുന്ന പരീക്ഷ വൈകിട്ട് അഞ്ചിന് അവസാനിക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും രാവിലെ 11 മുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. അവസാന നിമിഷം ഉണ്ടാകാൻ സാധ്യതയുള്ള തിരക്കുകൾ ഒഴിവാക്കുന്നതിനായി എല്ലാ വിദ്യാർത്ഥികളും സമയക്രമം പാലിച്ച് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തണമെന്നും പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അഭ്യർത്ഥിച്ചു.

സ്‌കൂള്‍ ബസ് പരിശോധന: ഏറനാട് താലൂക്കിലെ വാഹനങ്ങള്‍ ഹാജരാക്കണം
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പായി മലപ്പുറം ആര്‍.ടി.ഓയുടെ നേതൃത്വത്തില്‍ ഏറനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്‌കൂള്‍ ബസുകളുടെ പരിശോധന നടത്തും. മെയ് രണ്ടിന്  മലപ്പുറം, കോഡൂര്‍, പൂക്കോട്ടൂര്‍, കൂട്ടിലങ്ങാടി, പാണക്കാട്, മേല്‍മുറി, പൊന്മള, പുല്‍പ്പറ്റ നറുകര, ആനക്കയം വില്ലേജുകളിലെ സ്‌കൂള്‍ ബസുകളും മെയ് ആറിന് പാണ്ടിക്കാട്, പയ്യനാട്, എളങ്കൂര്‍, കാരക്കുന്ന്, തൃക്കലങ്ങോട്. കാവന്നൂര്‍, ചെമ്പ്രശ്ശേരി. പന്തല്ലൂര്‍, എടവണ്ണ, പേരകമണ്ണ, വെട്ടിക്കാട്ടിരി, മഞ്ചേരി വില്ലേജുകളിലെ സ്‌കൂള്‍ ബസുകളും രാവിലെ ഏഴിന് മലപ്പുറം മേല്‍മുറി മഅദിന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ പരിശോധനക്കായി എത്തിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്‍ഡര്‍മാര്‍ക്കും റോഡ് സുരക്ഷാ പരിശീലനം ഉണ്ടായിരിക്കും. ജീവനക്കാര്‍ പരിശീലന ക്ലാസ്സില്‍ പങ്കെടുക്കുന്നുണ്ടെന്ന് എല്ലാ സ്‌കൂള്‍ അധികൃതരും ഉറപ്പുവരുത്തണം.

മെഡിസെപ്പ് : അടിയന്തിര ഇടപെടല്‍ വേണം – പെന്‍ഷനേഴ്‌സ് ലീഗ്

കോഴിക്കോട് : സര്‍വീസ് പെന്‍ഷന്‍കാരുടയെും സര്‍ക്കാര്‍ ജീവനക്കാരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് ആനുകൂല്യം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ സര്‍ക്കാറും ധനകാര്യ വകുപ്പും അടിയന്തിരമായി ഇടപെട്ട് പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. എംപാനല്‍ ലിസ്റ്റിലുള്ള ആശുപത്രികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സഹായം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ രോഗികള്‍ വലയുകയാണ്. അടിയന്തിരമായി ഇടപെടണം. 2025 ഏപ്രില്‍ മാസത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ വീണ്ടും ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഉറപ്പിക്കുകയും ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഫെബ്രുവരി 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരിക്കയാണ്. 500 രൂപ ഉണ്ടായിരുന്ന പ്രീമിയം തുക 810 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ രോഗികള്‍ക്ക് മതിയായ ചികിത്സാ സൗകര്യം ലഭിക്കാന്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ പ്രീമിയം തുക  ഇന്‍ഷൂറന്‍സ് കമ്പനിക്ക് നല്‍കുന്നില്ല എന്നതാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ഇന്‍ഷൂറന്‍സ് കമ്പനിയുടെ മറുപടി. ആയതിനാല്‍ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടി സ്വീകരിക്കണം. പ്രസിഡന്റ് അഹമ്മദ് മേത്തൊടിക അധ്യക്ഷത വഹിച്ചു.  കെ എസ് പി എല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ മെയ് 1 മുതല്‍ ആരംഭിക്കും. മെയ് 5 ന് ജില്ലാ കമ്മിറ്റികള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്യും. മെയ് 7 ന് ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് താഴെ തലങ്ങളില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്യും. മെയ് 31 ന് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കും. സംസ്ഥാന നേതൃത്വ ക്യാമ്പ് ജൂണ്‍ അവസാന വാരം നടത്തും. പെന്‍ഷനേഴ്‌സ് ലീഗ് ദൈ്വമാസിക തുടങ്ങുന്നതിനും തീരുമാനിച്ചു. പ്രസിദ്ധീകരണ കണ്‍വീനറായി എം പി കെ അഹമ്മദ് കുട്ടിയെ യോഗം തെരഞ്ഞെടുത്തു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി എ കെ സൈനുദ്ദീന്‍ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറര്‍  പി വി അബ്ദുറഹിമാന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി എന്‍ മൊയ്തീന്‍ മാസ്റ്റര്‍, ഭാരവാഹികളായ ടി മുഹമ്മദ് മാസ്റ്റര്‍, അഡ്വ. എ പി ഇബ്രാഹീം, ഖാദര്‍ കൊടവണ്ടി, ഡോ. എം ഉസ്മാന്‍, എന്‍ പി ബഷീര്‍, ഇസ്മായില്‍ എം കെ, എന്‍ എ ഇസ്മായില്‍, ഇ സി നൂറുദ്ദീന്‍, കെ എം റഷീദ്, നാലകത്ത് ഹംസ , വി മുസ്തഫ , സുബൈര്‍ നെല്ലോളി, ടി ഇ അലിയാര്‍, കെ എച്ച് അബ്ദുല്‍ കരീം, അഹമ്മദ് കബീര്‍, എ സൈഫുദ്ദീന്‍, എ നാസറുദ്ദീന്‍, എ പി ഹുസൈന്‍ ഹാജി, ഹമീദ് കൊമ്പത്ത്, പാറയില്‍ മുഹമ്മദാലി,  കെ എം അഷ്‌റഫ്, പി സി അമീനുള്ള, എം ബി കെ അഹമ്മദ് കുട്ടി, എ എ അബ്ദുറസാഖ്, മുഹമ്മദ് സഫറുള്ള, കെ എ അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ അണ്ടർ-13 ചെസ്സ് ചാമ്പ്യൻഷിപ്പ് മെയ് മൂന്നിന് പെരിന്തൽമണ്ണയിൽ

പെരിന്തൽമണ്ണ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ്സ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2025-26 വർഷത്തെ മലപ്പുറം ജില്ലാ അണ്ടർ-13 ഓപ്പൺ ആൻഡ് ഗേൾസ് ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് മെയ് 3-ന് (ഞായറാഴ്ച) പെരിന്തൽമണ്ണയിൽ നടക്കും. പെരിന്തൽമണ്ണ മൗലാന കോളേജ് ഓഫ് ഫാർമസിയാണ് മത്സരവേദി. രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കും. 01/01/2013-ന് ശേഷം ജനിച്ച മലപ്പുറം ജില്ലക്കാർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഇരു വിഭാഗങ്ങളിലും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാൻ യോഗ്യത ലഭിക്കും. വിജയികൾക്ക് ട്രോഫികളും പങ്കെടുക്കുന്ന മറ്റ് എല്ലാ മത്സരാർത്ഥികൾക്കും മെഡലുകളും നൽകും. കൂടാതെ, സ്പോർട്സ് കൗൺസിൽ അംഗീകരിച്ച ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ എല്ലാ മത്സരാർത്ഥികൾക്കും വിതരണം ചെയ്യും. ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 2 രാത്രി 8 മണി. നേരിട്ടുള്ള (Spot) രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. മത്സരത്തിനെത്തുന്നവർ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാർ കാർഡിന്റെ കോപ്പിയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും നിർബന്ധമായും ഹാജരാക്കണം. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/ggK3uWF88av9mk1S6 കൂടുതൽ വിവരങ്ങൾക്കായി 9744882449, 9074177227 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയെന്ന് സംഘാടകർ അറിയിച്ചു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

.

MTN NEWS CHANNEL

Exit mobile version