03-05-2026
വോട്ടെണ്ണല്‍ മെയ് നാലിന്; ഒരുക്കങ്ങള്‍ സജ്ജം
ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുന്നത്. 441 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 574 കൗണ്ടിങ് അസിസ്റ്റന്റുമാര്‍, 441 മൈക്രോ ഒബ്‌സര്‍വര്‍മാരുള്‍പ്പെടെ 1456 കൗണ്ടിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ളത്. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ ഇ.വി.എമ്മുകളാണ് എണ്ണുന്നത്. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇ.വി.എമ്മിലെ വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിങ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്ക് 500 ന് ഒന്നെന്ന ക്രമത്തില്‍ പ്രത്യേകം കൗണ്ടിങ് ടേബിളുകളും ഓരോന്നിനും ഓരോ എ.ആര്‍.ഒ. എന്ന നിലയിലും ക്രമീകരിക്കും. സ്ഥാനാര്‍ഥികള്‍ അല്ലെങ്കില്‍ അംഗീകൃത പ്രതിനിധികള്‍, കേന്ദ്ര നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പോളിങ് സാമഗ്രികള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ രാവിലെ ആറിന് തുറക്കും. വീഡിയോ റേക്കാര്‍ഡിംഗ് നടത്തിയാണ് തുറക്കുക. വോട്ടെണ്ണുമ്പോള്‍ കണ്‍ ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17സി കൂടി മേശപ്പുറത്ത് വെക്കും. ഒരു ബൂത്തില്‍ ഇ.വി.എമ്മില്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖെപ്പടുത്തുന്നതാണ് 17സി പാര്‍ട്ട് ഒന്ന്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെയും (ഇ.വി.എം) ബൂത്തില്‍ പോള്‍ ചെയ്ത വോട്ടുകളുടെയും എണ്ണത്തില്‍ വ്യത്യാസമുെണ്ടന്ന് കണ്ടാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) എണ്ണും. വിവിപാറ്റ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉള്‍പ്പെടും. ഇ.വി.എമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം 17സി പാര്‍ട്ട് ഒന്ന് (അക്കൗണ്ട്‌സ് ഓഫ് വോട്ട്‌സ് റെക്കോര്‍ഡഡ്)ലെ വിവരങ്ങളുമായി ഒത്തുേനാക്കും. കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ റൗണ്ടിലെയും രണ്ട് ഇ.വി.എം. ഒബ്‌സര്‍വര്‍ റാന്‍ഡം ആയി എണ്ണും. ഓരോ മണ്ഡലങ്ങളിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവിപാറ്റും എണ്ണും. ജില്ലയില്‍ ഏഴു കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം എന്നീ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ മലപ്പുറം ഗവ.കോളെജിലും നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങളുടേത് നിലമ്പൂര്‍ അമല്‍ കോളെജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലും നടക്കും. വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളുടേത് യഥാക്രമം തിരൂരങ്ങാടി കെ.എം.മൗലവി മെമ്മോറിയല്‍ ഓര്‍ഫനേജ് അറബിക് കോളെജ്, തിരൂരങ്ങാടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി ഓര്‍ഫനേജ് അപ്പര്‍ പ്രൈമറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളുടേത് തിരൂര്‍ എസ്.എസ്.എം.പോളിടെക്നിക്കില്‍ നടക്കും. തവനൂര്‍, പൊന്നാനി മണ്ഡലങ്ങളുടേത് പൊന്നാനി അച്യുത വാര്യര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും നടക്കും.
‘വേനല്‍ മഴ’ പദ്ധതി-ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു
ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സി.ഡബ്ലിയു.സി) ആഭിമുഖ്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ (ഡി.സി.പി.യു) സഹകരണത്തോടെ നടപ്പാക്കുന്ന ”വേനല്‍ മഴ’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികള്‍ക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടക്കല്‍ ടൂണ്‍ ലൈഫ് കൗണ്‍സിലിംഗ് ആന്‍ഡ് ഹോളിസ്റ്റിക് സെന്ററിന്റെ നേതൃത്വത്തില്‍ ‘എന്നെ അറിയാം മാനസിക ശക്തിയും സ്വയം സഹായ പരിശീലനവും’ എന്ന വിഷയത്തില്‍ പരിശീലനം നടന്നു. ഗവ. ചില്‍ഡ്രന്‍സ് ഹോം തവനൂരിലും ശാന്തിവനം രണ്ടത്താണിയിലുമായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്. കൂട്ടികളുടെ മാനസിക ശക്തി വര്‍ധിപ്പിക്കുകയും സ്വയം തിരിച്ചറിയലിനും ആത്മവിശ്വാസ വളര്‍ച്ചയ്ക്കും സഹായകമാകുന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന പരിപാടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്ട്രേറ്റ് ജെ. ശ്രീജ ഉദ്ഘാടനം ചെയ്തു. ശാന്തിഭവനില്‍ നടന്ന പരിപാടി ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.കെ. മുഹമ്മദ് അന്‍സല്‍ ബാബു ഉദ്ഘാടനം ചെയ്തു. സി.ഡബ്ല്യു.സി ചെയര്‍പേഴ്‌സണ്‍ എ. മമ്മു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.സി അംഗങ്ങളായ പി. പ്രസന്ന, അഡ്വ. ഷഹനാസ് ബീഗം, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശ്രീജ പുളിക്കല്‍ സംസാരിച്ചു. ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എന്‍.ടി സൈനബ, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫസല്‍ പുള്ളാട്ട്, ഹോം മാനേജര്‍മാരായ ശില്‍പ, ശ്രുതി എന്നിവര്‍ നേതൃത്വം നല്‍കി. ടൂണ്‍ ലൈഫ് എം.ഡി സൈഫുന്നീസ, അക്കാഡമിക് ചെയര്‍മാന്‍ പി.എ ഷറഫുദ്ദീന്‍, കെ. ഷാഹുല്‍ ഹമീദ് എന്നിവര്‍ പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ജോയിന്റ് കൗണ്‍സില്‍ പ്രതിഷേധ സംഗമം നടത്തി
മലപ്പുറം :കേന്ദ്രസര്‍ക്കാര്‍ പാചകവാതകത്തിന് വില വര്‍ദ്ധിപ്പിച്ച തില്‍ പ്രതിഷേധിച്ച് ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി . സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ സി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഷാനവാസ് ,കവിതസദന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാകമ്മിറ്റി അംഗം എസ് ദിനു സ്വാഗതവും മേഖലാ പ്രസിഡന്റ് വി പി അന്‍സാര്‍ നന്ദിയും പറഞ്ഞു
സഹകരണ പെന്‍ഷന്‍കാരുടെ നിര്‍ത്തലാക്കിയ 50 % ക്ഷാമബത്ത പുന: സ്ഥാപിക്കണമെന്ന് പി ഉബൈദുള്ള എം.എല്‍.എ.
മലപ്പുറം : സഹകരണ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയ ഘട്ടത്തില്‍ അനുവദിച്ചിരുന്നതും പിന്നീട് നിര്‍ത്തലാക്കിയതുമായ 50% ക്ഷാമബത്ത ഉടന്‍ പുന: സ്ഥാപിക്കണമെന്നും, പെന്‍ഷന്‍ തുകയില്‍ ആനുകാലികമായ വര്‍ദ്ധന വരുത്തണമെന്നും മലപ്പുറം ജില്ലാ കേരള കോ ഓപ്പറേറ്റീവ് പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പി. ഉബൈദുള്ള എം.എല്‍.എ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ട് എ.ടി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്തഫ പാക്കത്ത് മുഖ്യപ്രഭാഷണം നടത്തി. കാവനൂര്‍ മുഹമ്മദ്, അബ്ദുസ്സലാം പേരയില്‍, ഹനീഫ മൂന്നിയൂര്‍, ടി.പി. എം. ബഷീര്‍, വി. പി. അബൂ, അമ്പാട്ട് ഉമ്മര്‍,എം. മൊയ്തീന്‍ മൂപ്പന്‍, വി. മുസ്തഫ, കെ. കെ. അബ്ദുല്‍ റഷീദ് ,ഹംസ മമ്പുറം, കോഴിക്കോടന്‍ അബൂബക്കര്‍, പി. ശശികുമാര്‍, സി. ടി. ഇബ്രാഹിം, വി. പി. കുഞ്ഞലവി, സി. ടി. ഗോപാലന്‍, പി. കെ. മുഹമ്മദ് എന്ന കുഞ്ഞാപ്പു, പി. അബൂബക്കര്‍ ,വി. കുഞ്ഞഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
മെയ് ദിന റാലി നടത്തി
മലപ്പുറം : ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് മെയ്ദിന റാലി നടത്തി. നൂറുകണക്കിന് തൊഴിലാളികള്‍ അണിനിരന്ന റാലി മലപ്പുറം കുന്നുമ്മലില്‍ നിന്നും ആരംഭിച്ച് മലപ്പുറം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. മതത്തിന്റെയും ജാതിയുടെയും പേരില്‍ തൊഴിലാളികളുടെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് എ കെ ടി എ ആഹ്വാനം ചെയ്തു. എ കെ ടി എ ജില്ലാ സെക്രട്ടറി പി ഡി സണ്ണി, പ്രസിഡന്റ് വി രാമകൃഷ്ണന്‍, ട്രഷറര്‍ കെ പി സുന്ദരന്‍ ഭാരവാഹികളായ കെ പി രാവുണ്ണി, പി. കെ. മണി, കെ. പി. രാജന്‍, എ മുഹമ്മദാലി, ടി ദിലീപ് കുമാര്‍, ടി വി സുനി, കെ. സുമതി എന്നിവര്‍ നേതൃത്വം നല്‍കി.
ഭാരതീയ ദളിത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സായാഹ്്‌ന ധര്‍ണ്ണ
മലപ്പുറം : കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകപരമായ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഭാരതീയ ദളിത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സായാഹ്്‌ന ധര്‍ണ്ണ നടത്തി. നിതിന്‍ രാജിനെ നിരന്തരമായി ആക്ഷേപിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയത പ്രതി ഡോ. റാം ഇപ്പോഴും ഒളിവിലാണ്. പോലീസ് അടിയന്തിരമായി പ്രതിയെ അറസ്‌റ് ചെയ്യണമെന്നും പ്രതികള്‍ക്കെതിരെ നരഹത്യനെതിരെയുള്ള കേസെടുക്കണമെന്നു ഭാരതീയ ദളിത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സായാഹ്ന ധര്‍ണ്ണ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി സി രാജീവ്ബാബു അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അസീസ് ചീരാംതൊടി , എം കെ മുഹ്‌സിന്‍ , സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഹരിദാസന്‍ മാസ്റ്റര്‍ , പ്രകാശന്‍കാലടി , ജില്ലാ വൈസ് പ്രസിഡന്റ്മാരായ ശങ്കരന്‍ങ.ഇ , സോമന്‍ ഗാന്ധിക്കുന്ന് , രവിദാസ്. സി , ജില്ലാ ഭാരവാഹികളായ സുകുമാരന്‍. ഇ , വിനോദ് പൊന്മള , ദിനേശ് മണ്ണാര്‍മല , ബ്ലോക്ക് പ്രസിഡണ്ട് മാരായ അയ്യപ്പന്‍ കുട്ടി, സുന്ദരേശന്‍, സുബ്രഹ്മണ്യന്‍ കുണ്ടോട്ടി, ബാലക്യഷ്ണന്‍ മഞ്ചേരി, സുനില്‍ എടവണ്ണ , ഹരിദാസന്‍ , ശങ്കരന്‍ ., ദിനേശ് കണക്കഞ്ചേരി,വിശ്വംഭരന്‍ , സ്മിത എടരിക്കോട്, സുരേഷ് ബാബു എടക്കര, ഹരിന്ദ്ര ബാബു, മോനിഷ ജില്ലാ കമ്മറ്റി അംഗങ്ങള്‍ മണ്ഡലം പ്രസിഡണ്ട്മാര്‍ എന്നിവര്‍ പങ്കെടുത്തു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
.
