കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ രാമനാട്ടുകര നഗരസഭാ മുൻ കൗൺസിലറും ദളിത് ലീഗ് നേതാവുമായ ഗോപി പരുത്തിപ്പാറയുടെ മകൻ ഷിദിൻനാഥ് ദുബൈ കെഎംസിസിയിൽ അംഗത്വമെടുത്തു. പിതാവിന്റെ രാഷ്ട്രീയ പാത പിന്തുടർന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാനുള്ള താല്പര്യവുമായാണ് ഷിദിൻനാഥ് ദുബൈ കെഎംസിസി ആസ്ഥാനത്തെത്തിയത്. ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ ഉദ്യോഗസ്ഥനായ ഷിദിൻനാഥിനെ കെഎംസിസി പ്രവർത്തകർ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ പ്രത്യേക പരിപാടി ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കുന്നതിനിടെയാണ് ഷിദിൻനാഥിന് മെംബർഷിപ്പ് നൽകാൻ തീരുമാനിച്ചത്. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് യുഡിഎഫിന് സമ്മാനിച്ച മലപ്പുറം ജില്ലയുടെ പരിപാടിയിൽ വെച്ച് തന്നെ പുതിയ അംഗത്തെ ചേർക്കുന്നത് ഉചിതമാകുമെന്ന് ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ജനറൽ സീറ്റിൽ അഡ്വ. എ.പി. സ്മിജിയെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിയോഗിച്ച മലപ്പുറം ജില്ലയുടെ ആവേശകരമായ പശ്ചാത്തലത്തിലായിരുന്നു ഈ ചടങ്ങ്. നജീബ് കാന്തപുരം എംഎൽഎ ഷിദിൻനാഥിന് ദുബൈ കെഎംസിസി മെംബർഷിപ്പ് കൈമാറി. സാമൂഹ്യ, സേവന, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇനിമുതൽ ദുബൈ കെഎംസിസി പ്രവർത്തകർക്കൊപ്പം ഷിദിൻനാഥും സജീവമായി പ്രവർത്തിക്കും.
🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
