Wednesday, November 25News That Matters

പള്ളിക്കലില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തേഞ്ഞിപ്പലം | പള്ളിക്കലിലെ ആളൊഴിഞ്ഞ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കല്‍ ബസാര്‍ ആരക്കോടിനടുത്ത് പുല്‍പറമ്പില്‍ എന്ന സ്ഥലത്തുള്ള സ്ഥിരമായി ആള്‍താമസമില്ലാത്ത വീട്ടിലാണ് തിരുവനന്തപ്പുരം ജില്ലയിലെ പള്ളിക്കല്‍ കിളിമാനൂര്‍ സ്വദേശി കാട്ടുപുതുശ്ശേരി തോളുര്‍ വീട്ടില്‍ ഫൈസല്‍ (26) നെ മരിച്ച നിലയില്‍ കണ്ടെത്തിത്. പെയിന്റിങ് തൊഴിലാളിയായ ഫൈസല്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നും ജോലിക്കെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയതാണെന്നും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നതായും തിരുവനന്തപ്പുരത്ത് നിന്നും എത്തിയ ഫൈസലിന്റെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്നും പൊലിസ് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ എന്ന് കാണിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം പോലീസ് തേഞ്ഞിപ്പലം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് തേഞ്ഞിപ്പലം എസ് എച്ച് ഒ ശുഹൈബിന്റെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ രാത്രി എട്ട് മണിയോടെ ആരക്കോടിനടുത്തുള്ള വീട്ടില്‍ ഫൈസലിനെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മയക്കു മരുന്നിന്റെ അമിത ഉപയോഗത്തത്തുടര്‍ന്ന് മരിച്ചതെന്നാണ് പൊലിസിന്റെ നിഗമനം. ഈ വീട് കേന്ദ്രീകരിച്ച് ലഹരി സംഘങ്ങള്‍ എത്താറുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് വീടിന് മുന്നില്‍ നൂറ്ക്കണക്കിനാളുകളാണ് തടിച്ചു കൂടിയത്. ആള്‍താമസമില്ലാത്ത ഈ വീട് മയക്കു മരുന്ന് മാഫിയ സംഘത്തിന്റെ താവളമാണെന്നും ഇത് ഇല്ലായ്മ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച രാത്രി പോലിസ് കാവലില്‍ വീട്ടില്‍ തന്നെ സൂക്ഷിച്ച മൃതദേഹം ഇന്നലെയാണ് തേഞ്ഞിപ്പലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവീന്‍ ഷാജ്, എസ് എച്ച് ഒ ശുഹൈബ്, എസ് ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്റിഫിക് ഓഫീസര്‍ ഡോ വി മിനി, ഫിങ്കര്‍ പ്രിന്റ് എക്സ്പെർട്ട് എന്‍ വി റുബിന എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന സംഘവും സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവ സമയം യുവാവ് മരിച്ചു കിടക്കുന്ന വീട്ടില്‍ സംശയാസ്പദമായ നിലയില്‍ കാണപ്പെട്ട വീട്ടുടമസ്ഥരില്‍ ഒരാളായ മുഹമ്മദ് ശാബില്‍ (29), കൊല്ലം മൈനാഗപ്പളി സ്വദേശി മുഹമ്മദ് അഫ്സല്‍ (30) എന്നിവരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. തല്‍സമയം വീട്ടിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു. സമാന രീതിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചേലമ്പ്രയില്‍ പാറയില്‍ പുതുവാക്കര റമീസ് (30), എന്ന യുവാവിനേയും അതേ ദിവസം തന്നെ കരിപ്പൂരില്‍ അരീക്കോട് ചെമ്പ്രക്കാട്ട് ഫിദാസ് അലി (30) എന്ന യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് സമാനമായ രീതിയില്‍ തന്നെ പള്ളിക്കലിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണപ്പെട്ടവരെല്ലാം മയക്കു മരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലിസ് പറഞ്ഞു. ഈ മൂന്ന് കേസിലും മയക്കു മരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന്ന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുവെന്നാണ് പൊലിസ് വൃത്തങ്ങൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version