വിഴിഞ്ഞം: ആർമി ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവി ക്ഷേത്രത്തിനു സമീപം രോഹിണി നിവാസിൽ ശ്രീജിത്ത് (32) ആണ് പിടിയിലായത്. വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇൻസ്റ്റാഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പ്രതി യുവതിയുമായി പരിചയത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വിശ്വാസത്തിലെടുത്ത ശേഷം, കഴിഞ്ഞ മാർച്ച് 11 മുതൽ സെപ്റ്റംബർ 16 വരെയുള്ള കാലയളവിൽ പലപ്പോഴായി 3,93,000 രൂപയും യുവതിയുടെ ഫോട്ടോകളും ഇയാൾ കൈക്കലാക്കുകയായിരുന്നു. മുൻപ് പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച കേസിലും ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അന്ന് തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കുകയായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് വീണ്ടും സമാന രീതിയിലുള്ള തട്ടിപ്പ് തുടർന്നത്. ഏഴോളം യുവതികളെ ഇത്തരത്തിൽ ചതിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വിഴിഞ്ഞം എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഒ വിനയകുമാർ, സി.പി.ഒ മാരായ റെജിൻ, സാബു, ഗോഡ് വിൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
