Monday, August 24News That Matters

താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് വ്യക്തമാക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താനൂർ: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രി മരിച്ച രാത്രിയിലെ താനൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ താമിറിനെ പോലീസുകാർ ചുമന്ന് ജീപ്പിൽ കയറ്റുന്നതും, ഇതിന് ശേഷവും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പുലർച്ചെ 4.18നാണ് താമിർ ജിഫ്രിയെ പോലീസ് ജീപ്പിൽ കയറ്റുന്നത്. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം 4.23നാണ് ജീപ്പ് സ്റ്റേഷൻ വിട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന താമിറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ ഈ സമയവ്യത്യാസം നിർണായകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് വർഷമായി കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പോലീസ് സ്റ്റേഷന് പുറത്തെ ദൃശ്യങ്ങൾ ലഭ്യമായത്. 2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി മരിച്ചത്. താമിറിന്റെ ശരീരത്തിൽ മർദനമേറ്റ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നതായി പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 19 മുറിവുകൾ മരണത്തിന് മുമ്പും രണ്ട് മുറിവുകൾ മരണത്തിന് ശേഷവുമാണ് സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം നിയമപോരാട്ടം നടത്തിയതിന് പിന്നാലെയാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്. സംഭവത്തിൽ എട്ട് പോലീസുകാരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. പുതിയതായി പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version