പൊന്നാനിയിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ യുവതിയും സംഘവും അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് അലി (55) എന്നിവരെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. മൊബൈൽ ഫോണിലൂടെ യുവാവുമായി സൗഹൃദം സ്ഥാപിച്ച ശേഷം വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ഇവരുടെ രീതി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് ഇവർക്ക് 25,000 രൂപ നൽകിയിരുന്നു. എന്നാൽ പ്രതികൾ വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തുടർന്ന് പണം കടം വാങ്ങാനായി സുഹൃത്തുക്കളെ സമീപിച്ചപ്പോഴാണ് താൻ ചെന്നുപെട്ട ചതിക്കുഴിയെക്കുറിച്ച് യുവാവ് വെളിപ്പെടുത്തിയത്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇവർ സമാനമായ രീതിയിൽ കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ നസീമയെയും അലിയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
