കൊയിലാണ്ടി: പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ തമിഴ്നാട് സ്വദേശിയെ മാസങ്ങൾ നീണ്ട തെരച്ചിലിനൊടുവിൽ കൊയിലാണ്ടി പോലീസ് പിടികൂടി. തഞ്ചാവൂർ പട്ടിത്തോപ്പ് സ്വദേശി ബാലാജിയാണ് (21) കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. കുപ്രസിദ്ധമായ കുറുവാ മോഷണ സംഘങ്ങൾ താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ട ലിംഗകടിമേട് കോളനിക്ക് സമീപമുള്ള ‘തിരുട്ട് ഗ്രാമത്തിൽ’ നിന്നാണ് പ്രതിയെ പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുത്തത്.രണ്ട് മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിൽ ബന്ധുവീട്ടിൽ താമസിക്കാനെത്തിയ ബാലാജി അവിടെവെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഉടൻ തന്നെ ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞു. തമിഴ്നാട്ടിൽ മോഷണം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ബാലാജി, കുറുവാ മോഷണ സംഘത്തിലെ അംഗമായ മുരുകേശന്റെ മകനാണ്.അതീവ ജാഗ്രത വേണ്ട തിരുട്ട് ഗ്രാമത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ കൊയിലാണ്ടി പോലീസ് വലിയ റിസ്കാണ് എടുത്തത്. പ്രാദേശികമായ വെല്ലുവിളികളെ അതിജീവിച്ചാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്.
