Wednesday, September 17News That Matters

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂരില്‍ ഭർതൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെയും മാതാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത കുട്ടിക്ക് ഒരു വയസ്സ് തികയും മുമ്ബ് ഗർഭിണിയായതിന്റെ പേരിലായിരുന്നു കുറ്റപ്പെടുത്തലും മർദനവും. ഭർതൃ വീട്ടിലെ പീഡനം സൂചിപ്പിച്ച്‌ യുവതി മാതാവിനെ അയച്ച വാട്സ്‌ആപ്പ് സന്ദേശം പുറത്തുവന്നു.ഇന്നലെ രാവിലെ ആത്മഹത്യ ചെയ്യും മുമ്ബ് ഫസീല എന്ന 23 കാരി ഉമ്മയ്ക്ക് വാട്സാപ്പിലൂടെ അയച്ച സന്ദേശം ഇങ്ങനെയാണ്- “ഉമ്മാ ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫല്‍ എന്‍റെ വയറ്റില്‍ കുറെ ചവിട്ടി. ഉപദ്രവിച്ചു. ഇവിടുത്തെ ഉമ്മയും എന്നെ തെറി വിളിച്ചു. ഉമ്മാ ഞാൻ മരിക്കുകയാണ് ഇല്ലെങ്കില്‍ ഇവർ എന്നെ കൊല്ലും.” നെറ്റ് ഓഫ് ആയിരുന്നതിനാല്‍ ഒരു മണിക്കൂറിനു ശേഷമാണ് മാതാപിതാക്കള്‍ ഈ മെസേജ് കാണുന്നത്. വണ്ടി പിടിച്ച്‌ കൊടുങ്ങല്ലൂരിലെ വീട്ടില്‍ എത്തിയപ്പോഴേക്കും മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് അറിഞ്ഞു. അവിടെ എത്തിയപ്പോള്‍ കാണുന്നത് മകളുടെ ജീവനറ്റ ശരീരമായിരുന്നു. ഭർതൃ വീട്ടിലെ പീഡനമാണ് മരണ കാരണം എന്ന് ബന്ധുക്കള്‍ പറയുന്നു.ഒരു കൊല്ലവും ഒൻപത് മാസവും ആയി ഫസീലയുടെയും നൗഫലിന്റെയും വിവാഹം കഴിഞ്ഞിട്ട്. 9 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ട് ഇവർക്ക്. ഫസീല രണ്ടാമതും ഗർഭിണിയായ വിവരം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. ഗർഭിണിയായതിന് ഫസീലയെ മാത്രമാണ് അമ്മായിയമ്മ കുറ്റപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നലെ വഴക്കിനിടെ ഭർത്താവ് ഫസീലയെ അടിവയറ്റില്‍ ചവിട്ടി. പോസ്റ്റ്മോർട്ടം പരിശോധനയില്‍ അടിവയറ്റില്‍ പരിക്കേറ്റെന്ന് വ്യക്തമായി.തുടർന്നാണ് ഭർത്താവ് നൗഫലിനെയും ഉമ്മ റൗലത്തിനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഗാർഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇരുവർക്കും എതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെയും ഭർത്താവും മാതാവും ചേർന്ന് ഫസീലയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ മാതാവിന് വാട്സ്‌ആപ്പ് സന്ദേശം അയച്ചതിന് പിന്നാലെ ഫസീല ടെറസില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. കാർഡ് ബോർഡ് കമ്ബനിയിലെ ജീവനക്കാരനാണ് നൗഫല്‍.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version