വഴിയരികിൽ കളഞ്ഞുകിട്ടിയ 5 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി പ്ലസ് ടു വിദ്യാർത്ഥിനി മാതൃകയായി
കോഴിക്കോട്: ലക്ഷങ്ങൾ വിലവരുന്ന സ്വർണാഭരണം വഴിയരികിൽ കളഞ്ഞുകിട്ടിയപ്പോൾ, അത് ഉടമയെ ഏൽപിച്ച് സത്യസന്ധതയുടെ മാതൃകയായിരിക്കുകയാണ് പ്ലസ് ടു വിദ്യാർത്ഥിനി. ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് വിരാമമിട്ട് ആഭരണം തിരികെ ലഭിച്ച വയോധികയുടെ ആശ്വാസത്തിന് സാക്ഷ്യം വഹിച്ചു പയ്യോളി ടൗൺ. പയ്യോളി ഹൈസ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ അമയയുടെ (17) സത്യസന്ധതയാണ് പെരുമാൾപുരം ചെറുകുറ്റി സ്വദേശിനി ഫൗസിയ (81) എന്ന വയോധികയുടെ ദുരിതത്തിന് അറുതി വരുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫൗസിയയുടെ അഞ്ച് പവൻ തൂക്കമുള്ള സ്വർണാഭരണങ്ങൾ അടങ്ങിയ പഴ്‌സ് പേരാമ്പ്ര റോഡിലെ കേരള ബാങ്കിന് സമീപത്തുവെച്ച് നഷ്ടമായത്. വീട്ടിലെത്തിയ ശേഷമാണ് ബാഗിൽ പഴ്‌സില്ലെന്ന് ഫൗസിയയ്ക്ക് മനസ്സിലായത്. പിറ്റേന്ന് രാവിലെ തന്നെ അവർ ബസ് ജീവനക്കാരോടും വഴിയരികിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പയ്യോളി പോലീസ് സ്റ്റേഷനിലെത്തി വിവരം ധരിപ്പിച്ചു. സ്റ്റേഷനിലുണ്...



















