
ഇരിങ്ങല്ലൂർ: ഔദ്യോഗിക ജീവിതത്തിന് വിരാമമിടുമ്പോൾ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്ലാവിൻതൈകൾ സമ്മാനിച്ച് സ്നേഹത്തിന്റെ പുതിയ മാതൃക തീർത്തിരിക്കുകയാണ് ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി. സ്കൂളിലെ പ്രഥമാധ്യാപകൻ അലക്സ് തോമസ്. തന്റെ സർവീസിന്റെ ഓർമയ്ക്കായി ‘സ്നേഹത്തണൽ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മധുരമുള്ള പ്ലാവിൻതൈകൾ കുരുന്നുകൾക്ക് സമ്മാനിച്ചത്. മണ്ണുത്തിയിൽ നിന്ന് വരുത്തിയ വിയറ്റ്നാം ഏർലി റെഡ് (Vietnam Early Red) ഇനത്തിൽപ്പെട്ട തൈകളാണ് കുട്ടികൾക്കായി നൽകിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതി നാട് ഒരിക്കലും മറക്കാത്ത അലക്സ് മാഷിന്റെ സ്നേഹത്തിന്റെ തണലായി മാറുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. വികസന-ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. ഷാഹിദ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.കെ. നൗഫൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം റജ്ന റഹൂഫ്, പി.ടി.എ. പ്രസിഡന്റ് അഷ്റഫ് കപ്പൂർ, എം.ടി.എ. പ്രസിഡന്റ് ബാനുഷ സി., മാനേജർ എ.കെ. മൊയ്തീൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
വിദ്യാലയത്തിലെ 250-ഓളം വിദ്യാർത്ഥികൾക്കുപുറമെ മുഴുവൻ സഹപ്രവർത്തകർക്കും മുൻ പി.ടി.എ., എം.ടി.എ. പ്രസിഡന്റുമാർക്കും വിശിഷ്ടാതിഥികൾക്കും ചടങ്ങിൽ പ്ലാവിൻതൈകൾ സമ്മാനിച്ചു.
കൈയെഴുത്തുപുസ്തക പ്രകാശനവും ‘നോളജ് പില്ലർ’ സമർപ്പണവും: വിരമിക്കൽ ചടങ്ങിനോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ രണ്ട് കൈയെഴുത്തുപുസ്തകങ്ങളുടെ പ്രകാശനം നടന്നു. കൂടാതെ, സ്കൂൾ വരാന്തയിലെ മുഴുവൻ തൂണുകളിലും പൊതുവിജ്ഞാനവും അധികവായനാ സാമഗ്രികളും പ്രദർശിപ്പിക്കുന്ന നൂതന പദ്ധതിയായ ‘നോളജ് പില്ലർ’ (Knowledge Pillar) പദ്ധതിയുടെ സമർപ്പണവും ചടങ്ങിൽ നിർവഹിച്ചു. ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് കെ.കെ. ആനന്ദൻ സ്വാഗതവും വിരമിക്കുന്ന പ്രഥമാധ്യാപകൻ അലക്സ് തോമസ് നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി പി.വി.കെ. ഹസീന, എസ്.ആർ.ജി. കൺവീനർ എ.കെ. നാദിർഷ, എ.കെ. മൊയ്തീൻ, പി.സി. മുഹമ്മദ് ആഷിഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
