ഫറോക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ചാലിയം സ്വദേശിയായ യുവാവിനെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. ചാലിയം സ്വദേശി സാബിഖ് (23) ആണ് പിടിയിലായത്.

ഫെബ്രുവരി ആദ്യവാരത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ സൗഹൃദം നടിച്ച് സമീപിച്ച പ്രതി, മലപ്പുറം ജില്ലയിലെ വാഴയൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായി പോലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി മലപ്പുറം പള്ളിക്കൽ ബസാർ-കുന്നൂർമാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.രാമനാട്ടുകര ബസ് സ്റ്റാൻഡിന് സമീപം വെച്ച് ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് എസ്.ഐ സജിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് സാബിഖിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ അഷ്‌റഫ്, എ.എസ്.ഐ അരുൺകുമാർ, എസ്.സി.പി.ഒമാരായ വിനോദ്, അനൂജ്, സനീഷ്, ഷൈജു, സി.പി.ഒമാരായ സുബീഷ്, അഖിൽ ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
